---
title: "സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ നേതൃത്വ പരിശീലനം സംഘടിപ്പിച്ചു"
english_title: "Anti Drug Leadership Training School Students Peravoor Toofan Warriors"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391673/anti-drug-leadership-training-school-students-peravoor-toofan-warriors"
published_at: "2026-11-15T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8f19fa8969_1000396326.jpg"
keywords: ["Anti Drug", "Peravoor", "SPC NSS Students", "Toofan Warriors"]
---

# സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ നേതൃത്വ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ** : പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ എസ്.പി.സി., എൻ.എസ്.എസ്. വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ നേതൃത്വ പരിശീലനം സംഘടിപ്പിച്ചു. 'ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിശീലനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ എസ്.പി.സി., എൻ.എസ്.എസ്. വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ നേതൃത്വ പരിശീലനം സംഘടിപ്പിച്ചു. 'ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിശീലനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ വളർച്ചയ്ക്ക് തടസ്സമാകുകയും നല്ല സ്വഭാവങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന തെറ്റായ ശീലമാണ് ലഹരി ഉപയോഗമെന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ലഹരിക്ക് അടിമകളായ കുട്ടികൾ ചെയ്യുന്ന അക്രമങ്ങൾ വർദ്ധിച്ച് വരികയാണ്. ലഹരിക്കെതിരെ നേതൃത്വനിരയിൽ പ്രവർത്തിക്കാൻ ഈ പരിശീലനത്തിലൂടെ വിദ്യാർഥികൾക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തൂഫാൻ വാരിയേഴ്സിന്റെ ഭാഗമാകുന്ന വിദ്യാർഥികൾക്കാണ് നേതൃത്വ പരിശീലനം നൽകിയത്.

ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത നിർവഹിച്ചു. ഡിവൈ.എസ്.പി. എ.വി. ജോൺ മുഖ്യാതിഥിയായി. പേരാവൂർ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്ഷ ബിജു പദ്ധതി വിശദീകരിച്ചു. നടനും മിമിക്രി ആർട്ടിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ ലതീഷ് മാസ്റ്റർ കോളയാട് ക്ലാസ് നയിച്ചു.

പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൂറുദ്ദീൻ മുള്ളേരിക്കൽ, സെക്രട്ടറി ടി.ഡി. തോമസ്, വിവിധ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391673/anti-drug-leadership-training-school-students-peravoor-toofan-warriors)