---
title: "സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: മാപ്പുപറഞ്ഞ് കെഎസ്ഇബി; കർശന നടപടിയെടുക്കുമെന്നും ഉറപ്പ്"
english_title: "KSEB Apologisgs Student Electrocution Death Tirurangadi Junaid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391766/kseb-apologisgs-student-electrocution-death-tirurangadi-junaid"
published_at: "2026-11-16T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa47d3e8b54_1000397605.jpg"
keywords: ["KSEB", "Electrocution", "Tirurangadi", "Malappuram"]
---

# സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: മാപ്പുപറഞ്ഞ് കെഎസ്ഇബി; കർശന നടപടിയെടുക്കുമെന്നും ഉറപ്പ്

> **Lead Summary:** **മലപ്പുറം**: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് ജുനൈദ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.ഇ.ബി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ മാപ്പപേക്ഷ നടത്തിയത്.

## Article Content

**മലപ്പുറം**: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് ജുനൈദ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.ഇ.ബി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ മാപ്പപേക്ഷ നടത്തിയത്.

ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ മാപ്പ് പറയുന്നുവെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ.എസ്.ഇ.ബി പരിഗണിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു.

അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെ.എസ്.ഇ.ബി ഉറപ്പുനൽകി.

ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.

കൂടാതെ, വൈദ്യുതി സംബന്ധമായ അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 94 96 01 01 01 എന്ന നമ്പറിൽ വാട്‌സ്ആപ്പ് ചെയ്ത് ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു. ജുനൈദിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി കുറിപ്പ് അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391766/kseb-apologisgs-student-electrocution-death-tirurangadi-junaid)