---
title: "ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർമാർ ലക്ഷ്യമിട്ടത് അമിതാഭ് ബച്ചനെ; കണ്ടെത്തലുമായി പൊലീസ്"
english_title: "Lawrence Bishnoi Gang Shooters Targeted Amitabh Bachchan Delhi Police Arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391835/lawrence-bishnoi-gang-shooters-targeted-amitabh-bachchan-delhi-police-arrest"
published_at: "2026-11-16T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afab6d5a8cca_1000398434.jpg"
keywords: ["Lawrence Bishnoi", "Amitabh Bachchan", "Delhi Police", "Jalsa"]
---

# ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർമാർ ലക്ഷ്യമിട്ടത് അമിതാഭ് ബച്ചനെ; കണ്ടെത്തലുമായി പൊലീസ്

> **Lead Summary:** ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ 'ജൽസ' എന്ന വസതി ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ 'ജൽസ' എന്ന വസതി ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബിലെ ജലന്ധർ സ്വദേശിയായ വികാസ് ഠാക്കൂർ എന്ന വിക്കി, തരൺ തരൺ സ്വദേശിയായ ദീപക് സിങ് എന്ന ദീപ് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ആദ്യം വികാസിനെയും തുടർന്ന് മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദീപക്കിനെയും പൊലീസ് പിടികൂടുകയായിരുന്നു.

അമിതാഭ് ബച്ചന്റെ വസതിക്ക് പുറത്ത് വെടിവെപ്പ് നടത്താനായിരുന്നു ഇവരുടെ പദ്ധതി. അമിതാഭ് ബച്ചനെ ആക്രമിക്കാനുള്ള ചുമതല ദീപക്കിനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസ്താവനയുടെ പേരിലാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇതിന് പുറമെ ഡൽഹിയിലെ ഒരു വ്യവസായിയെ ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

പൊലീസ് നടപടിക്ക് പിന്നാലെ അമിതാഭ് ബച്ചൻ എക്സിൽ പങ്കുവെച്ച പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 'ബച്ച് ഗയേ' (രക്ഷപ്പെട്ടു) എന്നുമാത്രമാണ് അദ്ദേഹം എക്സിൽ കുറിച്ചത്. പോസ്റ്റിന്റെ പശ്ചാത്തലം വ്യക്തമല്ല.

ഗൂഢാലോചനയ്ക്ക് പിന്നിലെ കൃത്യമായ ലക്ഷ്യം, പ്രതികൾ തമ്മിലുള്ള ബന്ധം, ഇവർക്ക് നിർദേശങ്ങൾ ലഭിച്ച ഉറവിടം എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391835/lawrence-bishnoi-gang-shooters-targeted-amitabh-bachchan-delhi-police-arrest)