---
title: "യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ; ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ മുഖം മാറും, എണ്ണം കൂട്ടില്ല"
english_title: "UDF Government New Liquor Policy Soon Bevco Outlets Face Change No Increase Self Help Outlets Cooperative Societies Toddy Sector Reform"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391839/udf-government-new-liquor-policy-soon-bevco-outlets-face-change-self-help-cooperative-societies"
published_at: "2026-11-16T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afabef004709_1000246807.jpg"
keywords: ["UDF liquor policy", "Bevco outlets", "Self help outlets"]
---

# യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ; ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ മുഖം മാറും, എണ്ണം കൂട്ടില്ല

> **Lead Summary:** **തിരുവനന്തപുരം: **യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിന് അന്തിമരൂപമാകുന്നു. ഈ ആഴ്ച തന്നെ മദ്യനയ സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

**തിരുവനന്തപുരം: **യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിന് അന്തിമരൂപമാകുന്നു. ഈ ആഴ്ച തന്നെ മദ്യനയ സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ നയത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ മുഖം പൂർണമായും മാറും. എന്നാൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കില്ലെന്നാണ് സൂചന. നിലവിലുള്ള ഔട്ട്‌ലെറ്റുകളുടെ രൂപഘടന ഏകീകരിച്ച് കൂടുതൽ ആധുനികവും ഉപഭോക്തൃ സൗഹൃദവുമാക്കാനാണ് പദ്ധതി. സെൽഫ് ഹെൽപ് ഔട്ട്‌ലെറ്റുകൾക്ക് പുതിയ നയത്തിൽ കൂടുതൽ പ്രാധാന്യം നൽകും.

ഔട്ട്‌ലെറ്റുകളുടെയും വെയർഹൗസുകളുടെയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് കൈമാറുന്ന കാര്യവും പരിഗണനയിലുണ്ട്. ചില്ലറ വിൽപ്പന രംഗത്തും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം കൊണ്ടുവരാനാണ് ആലോചന. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സുതാര്യത ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

അതേസമയം കള്ളുചെത്ത് മേഖലയിൽ സമഗ്രമായ പരിഷ്കരണത്തിനും പുതിയ നയം വഴിയൊരുക്കും. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ യുഡിഎഫ് ഉപസമിതിയുടെ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ നയപരമായ തീരുമാനമെടുക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391839/udf-government-new-liquor-policy-soon-bevco-outlets-face-change-self-help-cooperative-societies)