---
title: "കലയുടെ മാമാങ്കത്തിന് നാളെ കൊടി ഉയരും; ജില്ലാ മുസാബഖ നവംബർ 18 മുതൽ 22 വരെ കൂടാളിയിൽ"
english_title: "Kannur District Musabaqa November 18 to 22 Koodali Islamic Arts Competition Samastha JMI Flag Hoisting Expo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391849/kannur-district-musabaqa-nov-18-22-koodali-samastha-jmi-islamic-arts-festival"
published_at: "2026-11-16T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac80706ccd_1000246826.jpg"
keywords: ["Musabaqa", "Koodali Islamic arts competition"]
---

# കലയുടെ മാമാങ്കത്തിന് നാളെ കൊടി ഉയരും; ജില്ലാ മുസാബഖ നവംബർ 18 മുതൽ 22 വരെ കൂടാളിയിൽ

> **Lead Summary:** **കണ്ണൂർ: **സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിക്കുന്ന ജില്ലാ മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരത്തിന് നാളെ കൂടാളിയിൽ കൊടി ഉയരും. നവംബർ 18 മുതൽ 22 വരെ മൗവ്വഞ്ചേരി റേഞ്ചിലെ കൂടാളിയിലാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിക്കുന്ന ജില്ലാ മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരത്തിന് നാളെ കൂടാളിയിൽ കൊടി ഉയരും. നവംബർ 18 മുതൽ 22 വരെ മൗവ്വഞ്ചേരി റേഞ്ചിലെ കൂടാളിയിലാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

64 ഇനങ്ങളിലായി ജില്ലയിലെ 54 റേഞ്ചുകളിലൂടെയും 10 മേഖലകളിലൂടെയും മത്സരിച്ച് വിജയിച്ച കലാപ്രതിഭകളാണ് ജില്ലാ മത്സരത്തിനെത്തുന്നത്.

നാളെ വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരോട് പുതിയ പള്ളി പരിസരത്ത് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലാ കമ്മിറ്റിയും സമീപ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റികളും 18-ാമത് മുസാബഖയെ സൂചിപ്പിക്കുന്ന 18 പതാകയുമായി സംഗമിക്കും. തുടർന്ന് വാഹന റാലിയായി കൂടാളിയിലെത്തി വൈകുന്നേരം 5.30ന് പതാക ഉയർത്തും.

19ന് വൈകുന്നേരം 5 മണിക്ക് മുസാബഖ എക്സ്പോ ഉദ്ഘാടനം ചെയ്യും. 20ന് വൈകുന്നേരം വരെ സ്ത്രീകൾക്കും, 20ന് വൈകുന്നേരം മുതൽ 22ന് രാത്രി വരെ പുരുഷന്മാർക്കും മാത്രമായിരിക്കും എക്സ്പോയിൽ പ്രവേശനം.

20ന് വൈകിട്ട് 5ന് കൂടാളി കാഞ്ഞിരോട് അതിർത്തിയായ കോയസ്സൻ കുന്നിൽ നിന്ന് ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ അകമ്പടിയോടെ കലാജാഥ ആരംഭിച്ച് 6ന് കൂടാളിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

21, 22 തീയതികളിൽ രാവിലെ 9 മുതൽ രാത്രി 10 വരെ മത്സരങ്ങൾ നടക്കും. 22ന് രാത്രി 8ന് നടക്കുന്ന സമാപന സമ്മേളനം ജനറൽ സെക്രട്ടറി പി.പി ഉമർ മുസ്ലിയാർ കോയ്യോട് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391849/kannur-district-musabaqa-nov-18-22-koodali-samastha-jmi-islamic-arts-festival)