---
title: "ഈസ്റ്റ് എളേരിയിൽ 5 കോടിയുടെ സ്വർണ തട്ടിപ്പ്; കുടുംബശ്രീ ചിട്ടി പണം വാങ്ങി യുവതി മുങ്ങിയതായി പരാതി"
english_title: "East Eleri Chattamala Chittarikkal Kanhivayal Gold Fraud 5 Crore 130 Pavan Business Couple Absconding Kudumbashree Chitty Fraud"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391853/east-eleri-gold-fraud-5-crore-130-pavan-business-couple-absconding-kudumbashree-chitty"
published_at: "2026-11-16T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afacf3646c7e_1000246848.jpg"
keywords: ["financial fraud", "130 pavan gold cheating", "Kudumbashree fraud"]
---

# ഈസ്റ്റ് എളേരിയിൽ 5 കോടിയുടെ സ്വർണ തട്ടിപ്പ്; കുടുംബശ്രീ ചിട്ടി പണം വാങ്ങി യുവതി മുങ്ങിയതായി പരാതി

> **Lead Summary:** **ഈസ്റ്റ് എളേരി:** വീട്ടമ്മയുടെ സ്വർണം പണയം വെക്കാനെന്ന വ്യാജേന വാങ്ങി മുങ്ങിയ സംഭവത്തിൽ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചട്ടമല, ചിറ്റാരിക്കാൽ, കണ്ണിവയൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പേരെ വഞ്ചിച്ച് വ്യാപാരി ദമ്പതികൾ മുങ്ങിയതായാണ് പരാതി.

## Article Content

**ഈസ്റ്റ് എളേരി:** വീട്ടമ്മയുടെ സ്വർണം പണയം വെക്കാനെന്ന വ്യാജേന വാങ്ങി മുങ്ങിയ സംഭവത്തിൽ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചട്ടമല, ചിറ്റാരിക്കാൽ, കണ്ണിവയൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പേരെ വഞ്ചിച്ച് വ്യാപാരി ദമ്പതികൾ മുങ്ങിയതായാണ് പരാതി.

അഞ്ച് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പും 130 പവനോളം സ്വർണം വിവിധ ആളുകളിൽ നിന്ന് വാങ്ങിയതായും സൂചനയുണ്ട്. ദൈവത്തിന്റെ പേരും ആത്മീയ വിശ്വാസവും സ്വന്തം കരിസ്മാറ്റിക് പരിവേഷവും മറയാക്കിയാണ് ഇവർ നാട്ടുകാരുടെ വിശ്വാസം നേടിയതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.

കുടുംബശ്രീ, ജെ.എൽ.ജി വായ്പകൾ, സ്വയംസഹായ സംഘങ്ങൾ, വ്യാപാരികളുടെ കൂട്ടായ വായ്പകൾ, ചിട്ടികൾ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് പണവും സ്വർണവും സമാഹരിച്ചത്. കണ്ണിവയലിൽ കുടുംബശ്രീയിലെയും സ്വയംസഹായ സംഘങ്ങളിലെയും നിരവധി പേരുടെ ചിട്ടികൾ വിളിച്ചെടുത്ത ശേഷമാണ് യുവതി മുങ്ങിയതെന്നാണ് പരാതി. തുടർന്ന് വഞ്ചിക്കപ്പെട്ടവർ കണ്ണിവയലിൽ യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്തു.

ചിറ്റാരിക്കാൽ പള്ളിക്കുന്നിലെ ലിസി ജേക്കബിന്റെ മൂന്ന് പവൻ സ്വർണാഭരണം പണയം വെക്കാനായി വാങ്ങി ഒരു പവനുമായി മുങ്ങിയ ത്രേസ്യാമ്മ ജോസഫിനെതിരെയാണ് ആദ്യം പരാതി ഉയർന്നത്. ആറുമാസം മുൻപ് വാങ്ങിയതിൽ രണ്ട് പവൻ തിരികെ നൽകിയിരുന്നു. ലിസിയുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിരവധി പേർ പരാതികളുമായി എത്തി.

ചിറ്റാരിക്കാൽ ടൗണിൽ ഫാൻസി, മെഴുകുതിരി, കുരിശുമാല വ്യാപാരം നടത്തിയിരുന്ന ത്രേസ്യാമ്മ ആത്മീയ ബന്ധങ്ങൾ ഉപയോഗിച്ചാണ് വിശ്വാസം നേടിയതെന്ന് പരാതിക്കാർ പറയുന്നു. സ്വർണങ്ങൾ ബാങ്കുകളിൽ പണയം വെച്ചോ വിറ്റോ എന്ന് സംശയിക്കുന്നു. നാണക്കേടും രേഖകളില്ലാത്തതും കാരണം പലരും പരാതി നൽകാൻ മടിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391853/east-eleri-gold-fraud-5-crore-130-pavan-business-couple-absconding-kudumbashree-chitty)