---
title: "ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പത്തുവർഷത്തിനുശേഷം മുഖ്യപ്രതി ഡൽഹി സ്വദേശി അബ്ബാസ് അലി ക്രൈംബ്രാഞ്ച് പിടിയിൽ"
english_title: "Irikkur Kunjamina Murder Case: Prime Accused Abbas Ali Arrested After 10 Years"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391949/irikkur-kunjamina-murder-case-prime-accused-abbas-ali-arrested-crime-branch-kannur"
published_at: "2026-11-17T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbe6adad87d_irikoor.jpg"
keywords: ["Irikkur Murder Case", "Kunjamina Murder Kannur", "Kannur Crime News"]
---

# ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പത്തുവർഷത്തിനുശേഷം മുഖ്യപ്രതി ഡൽഹി സ്വദേശി അബ്ബാസ് അലി ക്രൈംബ്രാഞ്ച് പിടിയിൽ

> **Lead Summary:** കണ്ണൂർ: ഇരിക്കൂറിലെ കുഞ്ഞാമിന വധക്കേസിൽ പത്തുവർഷത്തിനുശേഷം മുഖ്യപ്രതി അറസ്റ്റിൽ. ഡൽഹി സ്വദേശിയായ അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് പിടികൂടി കണ്ണൂരിലേക്ക് എത്തിച്ചത്. കേസിലെ മറ്റ് പ്രതികളായ ഡൽഹി സ്വദേശികളായ പർവീൺ ബാനു , സക്കീന ഫാത്തിമ എന്നിവരെ നേരത്തെ മധ്യപ്രദേശിൽ നിന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

കണ്ണൂർ: ഇരിക്കൂറിലെ കുഞ്ഞാമിന വധക്കേസിൽ പത്തുവർഷത്തിനുശേഷം മുഖ്യപ്രതി അറസ്റ്റിൽ. ഡൽഹി സ്വദേശിയായ അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് പിടികൂടി കണ്ണൂരിലേക്ക് എത്തിച്ചത്. കേസിലെ മറ്റ് പ്രതികളായ ഡൽഹി സ്വദേശികളായ പർവീൺ ബാനു , സക്കീന ഫാത്തിമ എന്നിവരെ നേരത്തെ മധ്യപ്രദേശിൽ നിന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

2016 ഏപ്രിൽ 30-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ കുഞ്ഞാമിനയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തുള്ള സ്വന്തം വാടക ക്വാർട്ടേഴ്‌സിൽ കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സ്ക്രൂഡ്രൈവർ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിച്ച നിലയിലായിരുന്നു. വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിക്കുകയും കാൽമുട്ടുകൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.

കുഞ്ഞാമിന ധരിച്ചിരുന്ന മാലയും കമ്മലും ഉൾപ്പെടെ 10 പവൻ സ്വർണ്ണാഭരണങ്ങളും കവർന്നിരുന്നു. വൈകുന്നേരം മക്കളായ അയ്യൂബ്, ഉമ്മർ എന്നിവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിന് ഒരു മാസം മുൻപ് കുഞ്ഞാമിനയുടെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂവർ സംഘം കൊലപാതകം നടന്ന ദിവസം രാവിലെ 9.30-ഓടെ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞുപോയിരുന്നു. പ്രതികൾ മഹാരാഷ്ട്രയിലേക്കാണ് കടന്നതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് നേരത്തെ രണ്ട് പ്രതികളെയും, ഇപ്പോൾ മുഖ്യപ്രതി അബ്ബാസ് അലിയെയും വലയിലാക്കാൻ സാധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391949/irikkur-kunjamina-murder-case-prime-accused-abbas-ali-arrested-crime-branch-kannur)