---
title: "കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനം; പരീക്ഷ കണ്‍ട്രോളര്‍ രാജിവയ്ക്കും"
english_title: "The Controller of Examinations will resign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39201/the-controller-of-examinations-will-resign"
published_at: "2022-04-25T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626643fc83484_IMG-20220425-WA0022.jpg"
keywords: []
---

# കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനം; പരീക്ഷ കണ്‍ട്രോളര്‍ രാജിവയ്ക്കും

> **Lead Summary:** കണ്ണൂർ: ചോദ്യപേപ്പർ വിവാദം, കണ്ണൂ‍ർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ രാജിവയ്ക്കും. പി ജെ വിൻസനാണ് ഗവർണർ നിലപാട് കടുപ്പിച്ചതോടെ രാജിക്കൊരുങ്ങുന്നത്.

## Article Content

കണ്ണൂർ: ചോദ്യപേപ്പർ വിവാദം, കണ്ണൂ‍ർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ രാജിവയ്ക്കും. പി ജെ വിൻസനാണ് ഗവർണർ നിലപാട് കടുപ്പിച്ചതോടെ രാജിക്കൊരുങ്ങുന്നത്.

യൂണിവേഴ്സിറ്റി ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന നിലപാട് ഗവർണർ കടുപ്പിച്ചതോടെയാണ് പരീക്ഷാ കൺട്രോളറുടെ രാജിയെന്ന തീരുമാനത്തിലേക്കെത്തിയത്. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.

ഇന്ന് രാജിക്കത്ത് വൈസ് ചാൻസിലർക്ക് കൈമാറും.  സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് 2020 തിലെതിന് സമാനമായി ആവർത്തിക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് വർഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്.

വിവാദമായതോടെ  സർവകലാശാല പരീക്ഷകൾ റദ്ദാക്കി.   ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു. പരീക്ഷാ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകർക്കെതിരെ അന്വേഷണവും നടക്കുകയാണ്. 

പേപ്പർ തയാറാക്കുന്നതിലെ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ നിവേദനം നല്‍കിയിരുന്നു.

സർവ്വകലാശാല പഠന ബോർഡ് ചെയർമാന്മാർ നൽകുന്ന പാനലിൽ നിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയ്യാറാക്കാൻ ഒരു അധ്യാപകനെ നിയമിക്കുന്നത്.

ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് (പഠന ബോർഡ്) ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും, അത് പരിശോധിച്ച പഠന ബോർഡിൻറെ ചെയർമാനും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ ആരോപിക്കുന്നു.

ഇത് വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷത്തിനും സർവകലാശാലയ്ക്ക് അധിക ചെലവിനും കാരണമാവുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39201/the-controller-of-examinations-will-resign)