---
title: "ലോകത്തിന്റെ നാവായ പത്രവാർത്തകളുടെ വ്യത്യസ്തവും അപൂർവ്വവുമായ ശേഖരം ഒരുക്കി കെ എസ് ഇ ബി ജീവനക്കാരൻ"
english_title: "Different and rare collection of newspapers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39239/different-and-rare-collection-of-newspapers"
published_at: "2022-04-25T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626677a8ec98c_Picsart_22-04-25_15-57-23-327.jpg"
keywords: []
---

# ലോകത്തിന്റെ നാവായ പത്രവാർത്തകളുടെ വ്യത്യസ്തവും അപൂർവ്വവുമായ ശേഖരം ഒരുക്കി കെ എസ് ഇ ബി ജീവനക്കാരൻ

> **Lead Summary:** രാമന്തളി: ലോകത്തിന്റെ നാവായ പത്രവാർത്തകളുടെ വ്യത്യസ്തവും അപൂർവ്വവുമായ ശേഖരം ഒരുക്കി കെ എസ് ഇ ബി ജീവനക്കാരൻ കുന്നരു സ്വദേശി പി പി ചന്ദ്രന്റെ പത്ര പ്രദർശനം ശ്രദ്ദേയമായി.

## Article Content

രാമന്തളി: ലോകത്തിന്റെ നാവായ പത്രവാർത്തകളുടെ വ്യത്യസ്തവും അപൂർവ്വവുമായ ശേഖരം ഒരുക്കി കെ എസ് ഇ ബി ജീവനക്കാരൻ കുന്നരു സ്വദേശി പി പി ചന്ദ്രന്റെ പത്ര പ്രദർശനം ശ്രദ്ദേയമായി.

രാമന്തളി ഒ കെ കെ സ്മാരക കലാസമിതിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനോത്സവം സംഘടിച്ചത്. ലോക ചരിത്രം, ഇന്ത്യാ ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ പ്രസിദ്ധികരിച്ച അപൂർവ്വങ്ങളായ വാർത്തകൾ ചന്ദ്രന്റെ ശേഖരത്തിലുണ്ട്.

ചരിത്രം, രാഷ്ട്രീയം, കല- കായികം, ഇന്ത്യൻ സ്വാതന്ത്ര സമരം, മഹാത്മ ഗാന്ധിയുടെ പ്രത്യേക വാർത്തകൾ എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ വാർത്ത തരം തിരിച്ച് സൂക്ഷിക്കുകയാണ് ചന്ദ്രൻ.

1984 - ൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വമാണ് ചന്ദ്രനെ പത്രശേഖരത്തിലേക്ക് നയിച്ചത്. ഇന്ദിരാ ഗാന്ധിയോട് പ്രത്യേക ആരാധന തോന്നിയിരുന്ന ചന്ദ്രന് അവരുടെ മരണം ഉണ്ടാക്കിയ ദു:ഖം വലുതായിരുന്നു.

ഇന്ദിരാ ഗാന്ധിയുടെ കൊലപാതക വാർത്തകൾ പ്രത്യേകം എടുത്ത് സൂക്ഷിച്ച് വെച്ചു. ഇതായിരുന്നു പത്രശേഖരണത്തിലേക്ക് ആകർഷിക്കപ്പെടാൻ നിമിത്തമായത്. ചരിത്ര വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന നിരവധി വ്യത്യസ്ത വാർത്തകൾ ചന്ദ്രന്റെ ശേഖരത്തിലുണ്ട്.

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട് കാമ്പസിൽ രണ്ട് തവണ വിദ്യാർത്ഥികൾക്കായി ചന്ദ്രൻ പത്ര പ്രദർശനം നടത്തിയിട്ടുണ്ട്. 2019 -ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രദർശനത്തിലും ചന്ദ്രന്റെ പത്രവാർത്തകളുടെ ശേഖരം ഇടം പിടിച്ചിരുന്നു.

കെ എസ് ഇ ബി പഴയങ്ങാടി സെക്ഷനിൽ ഓവർസിയറായ ചന്ദ്രൻ ജോലിക്കിടയിലും പത്രങ്ങൾ ശേഖരിച്ച് നിധിപോലെ സൂക്ഷിക്കുവാൻ സമയം കണ്ടെത്തുകയാണ്.

രാമന്തളി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പ്രദശനോത്സവം മാധ്യമ പ്രവർത്തകരായ സുനിൽ രാമന്തളി, കെ കെ അഷറഫ്, കെ പി രാമചന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39239/different-and-rare-collection-of-newspapers)