---
title: "പത്മജ-പത്മിനിമാര്‍മാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ: അലോഷ്യസ് സേവ്യര്‍"
english_title: "Padmaja Venugopal BJP To Congress Return KSU Aloysius Xavier Facebook Post Ghar Wapsi Celebrated Privileges Booth Workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392433/padmaja-venugopal-bjp-congress-return-ksu-aloysius-xavier-facebook-post-ghar-wapsi"
published_at: "2026-11-20T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b000d1dd75c4_1000247748.jpg"
keywords: ["Padmaja Venugopal Congress return", "Ghar Wapsi Congress Kerala"]
---

# പത്മജ-പത്മിനിമാര്‍മാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ: അലോഷ്യസ് സേവ്യര്‍

> **Lead Summary:** **തിരുവനന്തപുരം: **ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാനുള്ള പത്മജ വേണുഗോപാലിന്റെ നീക്കത്തിനെതിരെ കെഎസ്‌യു. കോൺഗ്രസ് പാർട്ടിക്ക് ഇത് ഘർ വാപ്പസികളുടെ കാലമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് കുറിപ്പ്. ആർക്കും കോൺഗ്രസിലേക്ക് വരാമെന്നും പ്രശ്നം അവർക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണെന്നും പരിഹാസം.

## Article Content

**തിരുവനന്തപുരം: **ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാനുള്ള പത്മജ വേണുഗോപാലിന്റെ നീക്കത്തിനെതിരെ കെഎസ്‌യു. കോൺഗ്രസ് പാർട്ടിക്ക് ഇത് ഘർ വാപ്പസികളുടെ കാലമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് കുറിപ്പ്. ആർക്കും കോൺഗ്രസിലേക്ക് വരാമെന്നും പ്രശ്നം അവർക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണെന്നും പരിഹാസം.

പദ്മജ-പദ്മിനിമാർ ബൂത്തുകളിൽ പ്രവർത്തിക്കട്ടെ എന്നും പത്ത് വർഷം പണിയെടുത്ത സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെയെന്നും കുറിപ്പിൽ പറയുന്നു. ചുവന്ന ബോർഡുകളുടെ മനോഹാരിതയും ഉത്തരവാദിത്തവും സാധാരണ പാർട്ടി പ്രവർത്തകരും അനുഭവിക്കട്ടെ.

കുറിപ്പിന്റെ പൂർണരൂപം:

കോൺഗ്രസ് പാർട്ടിക്ക് ഇത് ഘർ വാപ്പസികളുടെ (തിരിച്ചു വരവുകളുടെ) കാലം. വർഗീയതയുടെ പൊരിവെയിലത്ത് ഇന്ത്യാ രാജ്യം വെന്തമർന്ന 12 വർഷങ്ങൾക്ക് ശേഷം രാജ്യം കോൺഗ്രസിനൊപ്പം ഒഴുകി ചേരുന്ന വർത്തമാനകാലത്ത്, സമസ്ത മേഖലയിലെയും ജനങ്ങളെ ചേർത്ത് പിടിച്ചു സംഘപരിവാർ സർക്കാരിനെതിരെ രാഹുൽ ഗാന്ധി പോരാട്ടം നടത്തി മുന്നോട്ട് പോകുമ്പോൾ ആർക്കും കോൺഗ്രസിലേക്ക് വരാം,

പക്ഷേ പ്രശ്നമെന്നത് അവർക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണ്, പാർട്ടിയിൽ അവർക്കായി റിസർവ് ചെയ്യാൻ ഉദ്ദേശിക്കുന്ന സെലിബ്രേറ്റഡ് പ്രിവിലേജുകളാണ്. കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മോശം അവസ്ഥയിലാണ് ഈ പാർട്ടിയുടെ അസ്തിത്വമായ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചു കൊണ്ട് പദ്മജ വേണുഗോപാൽ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം എടുത്ത് തിരികെ വരുന്നുണ്ടെങ്കിൽ, അവർ കോൺഗ്രസ് വിട്ടപ്പോൾ പറഞ്ഞ രണ്ട് നുണകൾ തിരുത്തേണ്ടതായുണ്ട്; പാർട്ടിയോടും അണികളോടും മാപ്പ് പറയേണ്ടതുണ്ട്: ശ്രീ കെ കരുണാകരൻ ഇന്ന് ജീവിച്ചിരുന്നേൽ അദ്ദേഹം ബിജെപിയിൽ പോയേനെ എന്നതും, കോൺഗ്രസിൽ ആയിരുന്നപ്പോൾ തനിക്ക് മര്യാദക്ക് ചന്ദനക്കുറി തൊടാൻ പോലും കഴിയുമായിരുന്നില്ല എന്നും, ആ പേടി ബിജെപിയിൽ എത്തിയപ്പോൾ ഇല്ലായെന്നതും.

കോൺഗ്രസിൽ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു എന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുന്നു. ഇപ്പോൾ കേൾക്കുന്ന വാർത്ത പദ്മജയ്ക്ക് ശേഷം പദ്മിനി തോമസും കോൺഗ്രസിലേക്ക് എന്നാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392433/padmaja-venugopal-bjp-congress-return-ksu-aloysius-xavier-facebook-post-ghar-wapsi)