---
title: "സർഗാത്മക സായാഹ്ന മൊരുക്കി സർഗാങ്കണം"
english_title: "Creative evening gown and creativity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39246/creative-evening-gown-and-creativity"
published_at: "2022-04-25T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626684adf1646_Picsart_22-04-25_16-52-13-729.jpg"
keywords: []
---

# സർഗാത്മക സായാഹ്ന മൊരുക്കി സർഗാങ്കണം

> **Lead Summary:** ഇരിക്കൂർ:ഭാഷയുടെ ആസ്വാദനതലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതിൻ്റെ ഭാഗമായി ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ വായനക്കൂട്ടം സംഘടിപ്പിച്ച സർഗാങ്കണം വേറിട്ട വേദിയും സംഘാടന മികവും കൊണ്ട് ശ്രദ്ധേയമായി .

## Article Content

ഇരിക്കൂർ:ഭാഷയുടെ ആസ്വാദനതലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതിൻ്റെ ഭാഗമായി ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ വായനക്കൂട്ടം സംഘടിപ്പിച്ച സർഗാങ്കണം വേറിട്ട വേദിയും സംഘാടന മികവും കൊണ്ട് ശ്രദ്ധേയമായി .

കെ.പി.സുനിൽകുമാറിൻ്റെ ചേടിച്ചേരിയിലെ ദേവാങ്കണം -വീട്ടുമുറ്റത്തായിരുന്നു പരിപാടി. സർഗാത്മക സായാഹ്നം സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിൻ്റെ സാമൂഹിക ഇടപെടൽ ശക്തമാക്കി കോവിഡാനന്തര മാനസിക വെല്ലുവിളികളെ മറികടക്കാനും വായനയും ആസ്വാദന അനുഭവങ്ങളും കുട്ടികളിലെത്തിക്കാനുമാണ് ലോക പുസ്തക ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്.

പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന വഴികളും കുട്ടിക്കാല അനുഭവങ്ങളും പങ്കുവച്ച സർഗ സംവാദം മികച്ച അനുഭവമായി .ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെ വായനക്കൂട്ടത്തിലെ അംഗങ്ങളും ചേടിച്ചേരി, ചൂളിയാട്, കുട്ടാവ് ഭാഗത്തുള്ള ദേശ മിത്രം യു.പി.സ്ക്കൂളിലെ കുട്ടികളും നാട്ടുകാരും സർഗാങ്കണത്തിൽ പങ്കാളികളായി.

ദേശമിത്രം യു. പി. സ്കൂളിൽ നിന്നും വിരമിക്കുന്ന എച്ച്.എം.പി. സാവിത്രി ഗായിക ശ്രീപ്രിയചന്ദ്രൻ എന്നിവരെ വേദിയിൽ ആദരിച്ചു.പി.ടി എ പ്രസിഡൻറ് കെ.കെ.അബ്ദുള്ള ഹാജി അധ്യക്ഷനായി.

വീട്ടുകാരനും സ്കൂൾവായനക്കൂട്ടം കോഡിനേറ്ററുമായ കെ.പി.സുനിൽകുമാർ സർഗാങ്കണത്തിൻ്റെ ആമുഖമറിയിച്ച് അംഗങ്ങളെ വരവേറ്റു.സ്കൂൾ പ്രധാനധ്യാപിക വി സി ശൈലജ കഥകളിലെ ആസ്വാദന രസം അവതരിപ്പിച്ചു.

വായനക്കൂട്ടം കുട്ടികളുടെ കാവ്യാലാപനം, പുസ്തക പരിചയം എന്നിവയും നടന്നു. പറയാനുണ്ട് എന്ന സ്കൂൾ മികവു പ്രവർത്തനത്തിൻ്റെ ഭാഗമായാണ് കുട്ടികളുമായി സർഗ സംവാദം നടന്നത്. ജില്ലാ പഞ്ചായത്തംഗം എൻ പി.ശ്രീധരൻ, ഗ്രാമ പഞ്ചായത്തംഗം എം വി .മിഥുൻ, സ്റ്റാഫ് സെക്രട്ടറി ഇ.പി.ജയപ്രകാശ് എന്നിവർ സംസാരിച്ചു ടി. സുനിൽ കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39246/creative-evening-gown-and-creativity)