---
title: "മണിപ്പൂരിൽ വിഷമദ്യ ദുരന്തം: വ്യാജ മദ്യം കഴിച്ച 17 പേർക്ക് ദാരുണാന്ത്യം, ഇരുന്നൂറിലധികം ആളുകൾ ആശുപത്രിയിൽ"
english_title: "Manipur Liquor Tragedy 17 Dead 200 Hospitalised Spurious Liquor Chandel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392552/manipur-liquor-tragedy-17-dead-200-hospitalised-spurious-liquor-chandel"
published_at: "2026-11-21T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0131c78de61_images_(3).jpeg"
keywords: ["Manipur", "Liquor Tragedy", "Chandel", "Spurious Liquor"]
---

# മണിപ്പൂരിൽ വിഷമദ്യ ദുരന്തം: വ്യാജ മദ്യം കഴിച്ച 17 പേർക്ക് ദാരുണാന്ത്യം, ഇരുന്നൂറിലധികം ആളുകൾ ആശുപത്രിയിൽ

> **Lead Summary:** **ഇംഫാൽ**: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്.

## Article Content

**ഇംഫാൽ**: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്.

200 ഓളം പേരെ ഗുരുതരാവസ്ഥയിൽ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.

മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികൾ സന്ദർശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്.

ലാംഫെൽപാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് വിഷമദ്യം കുടിച്ച ഗുരുതരാവസ്ഥയിലായവരെ പ്രവേശിപ്പിച്ചത്. ചക്പികരോങ് മേഖലയിൽ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത ഉണ്ടായവർ ഉടൻ ചികിത്സ തേടണമെന്ന് സർക്കാർ നിർദേശം നൽകി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

വ്യാജമദ്യത്തിൽ കലർന്ന മെഥനോൾ വിഷബാധയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ സർക്കാർ സമഗ്രമായ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ദുരന്തത്തിനിടയാക്കിയ മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്നും തൊട്ടടുത്ത കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് എത്തിച്ചതെന്നും ചന്ദേൽ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജില്ലയിൽ പരമ്പരാഗത മദ്യത്തിന്റെ പ്രാദേശിക നിർമ്മാണം നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392552/manipur-liquor-tragedy-17-dead-200-hospitalised-spurious-liquor-chandel)