---
title: "ചേരാനല്ലൂർ ബെൻസ് അപകടം; ‘മകൻ കാറെടുത്തത് തന്റെ അറിവോടെയല്ല, ആർസി റദ്ദാക്കരുത്’; മോട്ടോർ വാഹനവകുപ്പിന് ജഡ്ജിയുടെ മറുപടി"
english_title: "Cheranalloor Benz Accident Judge Reply MVD Do Not Cancel RC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392553/cheranalloor-benz-accident-judge-reply-mvd-do-not-cancel-rc"
published_at: "2026-11-21T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01328fde69d_1000406739.jpg"
keywords: ["Cheranalloor Accident", "Benz Accident", "Judge", "MVD"]
---

# ചേരാനല്ലൂർ ബെൻസ് അപകടം; ‘മകൻ കാറെടുത്തത് തന്റെ അറിവോടെയല്ല, ആർസി റദ്ദാക്കരുത്’; മോട്ടോർ വാഹനവകുപ്പിന് ജഡ്ജിയുടെ മറുപടി

> **Lead Summary:** കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, വാഹനത്തിന്റെ ആർസി റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മുൻ കോടതി ഉത്തരവുകൾ കൂടി ചേർത്താണ് ജഡ്ജിയുടെ മറുപടി.

## Article Content

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, വാഹനത്തിന്റെ ആർസി റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മുൻ കോടതി ഉത്തരവുകൾ കൂടി ചേർത്താണ് ജഡ്ജിയുടെ മറുപടി.

വാഹനം തന്റെ പേരിലാണെങ്കിലും അപകടത്തിൽ തനിക്ക് പങ്കില്ലെന്നാണ് ജഡ്ജിയുടെ നിലപാട്. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ആർസി റദ്ദാക്കാനുള്ള നീക്കം നിയമവിരുദ്ധമാകുമെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിയുടെ വിശദീകരണം പരിശോധിച്ചശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

അതേസമയം, അപകടക്കേസിൽ പ്രതിയായ 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും ഹർജി നൽകിയിട്ടുണ്ട്.

ഒക്ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണം ഉയർന്നിരുന്നു. ആദ്യം ദുർബല വകുപ്പുകൾ ചുമത്തി കൗമാരക്കാരന് ജാമ്യം ലഭിച്ച സംഭവവും വിവാദമായി. പ്രതിഷേധം ശക്തമായതോടെയാണ് കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയത്. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ നടത്തിയ ഇടപെടലുകളും വിവാദമായിരുന്നു. വീട്ടുകാരുടെ അറിവില്ലാതെയാണ് കാർ എടുത്തതെന്നും ഇരുട്ടും മഴയും കാരണം റോഡിലുണ്ടായിരുന്ന സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് 17കാരൻ മൊഴി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392553/cheranalloor-benz-accident-judge-reply-mvd-do-not-cancel-rc)