---
title: "ഇന്ന് ഗുരുവായൂർ ഏകാദശി; ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്"
english_title: "Today Guruvayur Ekadashi Huge Devotee Rush Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392556/today-guruvayur-ekadashi-huge-devotee-rush-temple"
published_at: "2026-11-21T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0136a5d944f_1000406870.jpg"
keywords: ["Guruvayur Ekadashi", "Guruvayur Temple", "Devotees"]
---

# ഇന്ന് ഗുരുവായൂർ ഏകാദശി; ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

> **Lead Summary:** **ഗുരുവായൂർ**: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഏകാദശി ദിനത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാനായി പുലർച്ചെ മുതൽ തന്നെ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

## Article Content

**ഗുരുവായൂർ**: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഏകാദശി ദിനത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാനായി പുലർച്ചെ മുതൽ തന്നെ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഏകാദശി. ദേവ ഗുരുവും വായുദേവനും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയത് ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം. ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീത ഉപദേശിച്ചതും ഏകാദശി ദിനത്തിലാണെന്നാണ് മറ്റൊരു വിശ്വാസം. ഗജരാജൻ ഗുരുവായൂർ കേശവൻ ഗുരുവായൂരപ്പനിൽ അഭയം പ്രാപിച്ചതും ഏകാദശി ദിനത്തിൽ പ്രഭാതത്തിലാണ്.

തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കിഴക്കേ ഗോപുര നട വഴിയാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ഇന്ന് രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചു വരെ വിഐപികൾ ഉൾപ്പെടെയുള്ളവരുടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വ്രതം നോൽക്കുന്ന ഭക്തർക്കായി രാവിലെ ഒൻപത് മുതൽ പ്രസാദ വിതരണവും ആരംഭിക്കും. അന്നലക്ഷ്മി ഹാളിലും സമീപത്തെ പ്രത്യേക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഏകാദശിയോടനുബന്ധിച്ച് പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തും ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആനകളെ അണിനിരത്തിയാണ് എഴുന്നള്ളത്ത്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളത്തും നടക്കും. വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്രപരിസരത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392556/today-guruvayur-ekadashi-huge-devotee-rush-temple)