---
title: "അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം; നിയമനിർമാണം ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി"
english_title: "Supreme Court Consanguineous Marriage Law Centre Government CJI Surya Kant Genetic Disorders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392575/supreme-court-consanguineous-marriage-law-centre-government-genetic-disorders"
published_at: "2026-11-21T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01530ade35a_1000247905.jpg"
keywords: ["consanguineous marriage", "Hindu Marriage Act", "Genetic disorders"]
---

# അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം; നിയമനിർമാണം ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി

> **Lead Summary:** **ന്യൂഡൽഹി: **ഉറ്റബന്ധമുള്ളവർ തമ്മിലുള്ള വിവാഹം തടയാൻ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

## Article Content

**ന്യൂഡൽഹി: **ഉറ്റബന്ധമുള്ളവർ തമ്മിലുള്ള വിവാഹം തടയാൻ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിൽ നിന്നുള്ള നിയമവിദ്യാർഥിനിയായ ചർവി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾക്ക് ജനിതക വൈകല്യങ്ങളും രോഗങ്ങളുമുണ്ടാവുന്നു.

എന്നാൽ ഇതൊരു ആചാരമാണെന്നത് കൊണ്ട് മാത്രം ഇത്തരം വിവാഹത്തിന് അനുമതി നൽകുന്നതിനെ കോടതി പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു ഹർജിക്കാരി ബോധിപ്പിച്ചത്.

വിഷയത്തിൽ അനുകൂലമായ നിയമനിർമാണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുന്നതായും വിവിധ മാധ്യമങ്ങളിലൂടെ കൃത്യമായ രൂപരേഖ തയാറാക്കിയുള്ള ബോധവൽക്കരണം നടത്തുന്നത് ആലോചിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

സമീപകാലത്ത് പുറത്തുവന്ന മെഡിക്കൽ പഠനങ്ങളിൽ രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളിൽ കൂടുതലായും ഹോമോസൈഗോസിറ്റി കണ്ടുവരുന്നു. ഇത് ജനിതക രോഗങ്ങൾക്കും ജന്മനായുള്ള അവയവ വൈകല്യങ്ങൾക്കും, കാഴ്ചക്കുറവിനും, കേൾവിക്കുറവിനുമെല്ലാം കാരണമാവുന്നുവെന്നും കണ്ടെത്തിയിരുന്നു.

എന്നാൽ വിവാഹം വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും വ്യക്തികളാണ് ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഒരേ കുടുംബത്തിനുള്ളിൽ നിന്നുമുള്ള വിവാഹത്തിലൂടെ ജനിച്ചയാളാണ് താനെന്നും 40 ശതമാനത്തോളം കാഴ്ച വൈകല്യം തനിക്കുണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.

ഹിന്ദു വിവാഹ നിയമത്തിലെ നാലും അഞ്ചും സെക്ഷൻ പ്രകാരം രക്തബന്ധങ്ങള്‍ക്കിടയിലെയോ, സപിണ്ഡ ബന്ധത്തിലെയോ വിവാഹങ്ങൾ മതിയായ ആരോഗ്യപരിരക്ഷകളില്ലാതെ നടത്തുന്നത് നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392575/supreme-court-consanguineous-marriage-law-centre-government-genetic-disorders)