---
title: "ഫേസ് ക്രീം വിഷബാധയിലൂടെ 17 കാരിക്ക് വൃക്കരോഗം പിടിപെട്ട സംഭവം: ഇടപെട്ട് മുഖ്യമന്ത്രി"
english_title: "Face Cream Mercury poisoning 17 Year Old Kidney Disease Chief Minister Intervenes Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392635/face-cream-mercury-poisoning-17-year-old-kidney-disease-chief-minister-intervenes-kerala"
published_at: "2026-11-21T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01b00001745_31-Satheesan.jpg"
keywords: ["Face Cream", "Mercury Poisoning", "Kidney Disease", "Malappuram"]
---

# ഫേസ് ക്രീം വിഷബാധയിലൂടെ 17 കാരിക്ക് വൃക്കരോഗം പിടിപെട്ട സംഭവം: ഇടപെട്ട് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിന്റെ അടിയന്തര ഇടപെടൽ.

## Article Content

**തിരുവനന്തപുരം**: മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിന്റെ അടിയന്തര ഇടപെടൽ.

മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയാനും പരിശോധനകൾക്കായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്നുമുള്ള ആവശ്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധന.

അതേസമയം, മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ക്രീമിലൂടെ മെർക്കുറി വിഷബാധയേറ്റ് മലപ്പുറത്ത് 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ഓൺലൈനായി വാങ്ങിയ ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചെന്നും ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ശരീരത്തിലെ മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തിൽ ഉയർന്നതായി കണ്ടെത്തിയെന്നും കുട്ടി പറയുന്നു.

ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോൾ ഫെയർനസ് ക്രീമിൽ മെർക്കുറിയുടെ അളവ് വളരെ കൂടുതലാണെന്നും ഇതുപയോഗിച്ചതാണ് കടുത്ത വൃക്ക രോഗത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്സ് കൺട്രോളർ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392635/face-cream-mercury-poisoning-17-year-old-kidney-disease-chief-minister-intervenes-kerala)