---
title: "തിരുപ്പതി ഭഗവാന് 160 കോടി രൂപയുടെ വഴിപാട്; വ്യാഴാഴ്ച ഭക്തൻ സമർപ്പിക്കുന്നത് 121 കിലോ സ്വർണ്ണാഭരണങ്ങൾ"
english_title: "Chennai Devotee to Offer 121 Kg Gold Ornaments Worth Rs 160 Crore to Tirupati Balaji Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392696/chennai-devotee-offer-121-kg-gold-ornaments-160-crore-tirupati-balaji-temple"
published_at: "2026-11-22T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0285bf28478_image_(1).png"
keywords: []
---

# തിരുപ്പതി ഭഗവാന് 160 കോടി രൂപയുടെ വഴിപാട്; വ്യാഴാഴ്ച ഭക്തൻ സമർപ്പിക്കുന്നത് 121 കിലോ സ്വർണ്ണാഭരണങ്ങൾ

> **Lead Summary:** തിരുപ്പതി: തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമിക്ക് വ്യാഴാഴ്ച ഒരു ഭക്തൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ വഴിപാടായി സമർപ്പിക്കാനൊരുങ്ങുന്നു. ഏകദേശം 150 മുതൽ 160 കോടി രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങളാണ് സമർപ്പിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ഒരു പ്രമുഖ വ്യവസായിയാണ് വഴിപാടായി ഇത്രയധികം സ്വർണ്ണാഭരണങ്ങൾ സമർപ്പിക്കാൻ ഒരുങ്ങുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

## Article Content

തിരുപ്പതി: തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമിക്ക് വ്യാഴാഴ്ച ഒരു ഭക്തൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ വഴിപാടായി സമർപ്പിക്കാനൊരുങ്ങുന്നു. ഏകദേശം 150 മുതൽ 160 കോടി രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങളാണ് സമർപ്പിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ഒരു പ്രമുഖ വ്യവസായിയാണ് വഴിപാടായി ഇത്രയധികം സ്വർണ്ണാഭരണങ്ങൾ സമർപ്പിക്കാൻ ഒരുങ്ങുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒമ്പത് സെറ്റുകളിലായി ക്രമീകരിച്ച 43 സ്വർണ്ണാഭരണങ്ങളാണ് ഭഗവാന് സമർപ്പിക്കുന്നത്. ഇതിൽ തിരുമുടി (കിരീടം), പാദുകങ്ങൾ, വിവിധ തരം മാലകൾ തുടങ്ങിയവ ഉൾപ്പെടുന്നു. വഴിപാടുമായി ബന്ധപ്പെട്ട് വ്യവസായി തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതരുമായി വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. തിരുമല ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഒരു വ്യക്തിഗത ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ സ്വർണ്ണ വഴിപാടായിരിക്കും ഇതെന്നാണ് ദേവസ്വം വൃത്തങ്ങൾ വിലയിരുത്തുന്നത്.

അഞ്ച് മാസം മുൻപ് ക്ഷേത്രദർശനത്തിനെത്തിയ വ്യവസായി വെങ്കിടേശ്വര സ്വാമിക്ക് അണിയിക്കാൻ ആവശ്യമായ സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്നാണ് പ്രത്യേകമായി ആഭരണങ്ങൾ നിർമ്മിക്കാൻ അദ്ദേഹം ഓർഡർ നൽകിയത്. വ്യാഴാഴ്ച ക്ഷേത്രത്തിലെ രംഗനായകുല മണ്ഡപത്തിൽ വെച്ച് ഈ സ്വർണ്ണാഭരണങ്ങൾ ഏറ്റുവാങ്ങുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392696/chennai-devotee-offer-121-kg-gold-ornaments-160-crore-tirupati-balaji-temple)