---
title: "ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ കർശന നിയന്ത്രണം: ബുക്ക് ചെയ്ത് എത്താത്തവർക്ക് വീണ്ടും അവസരമില്ല; ആധാർ ഒ.ടി.പി നിർബന്ധമാക്കും"
english_title: "Sabarimala Virtual Queue Strict Rules: Aadhaar OTP Mandatory, Rebooking Ban for No-Shows"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392697/sabarimala-virtual-queue-booking-strict-rules-aadhaar-otp-rebooking-ban"
published_at: "2026-11-22T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0287a3c7247_image_(3).png"
keywords: ["shabarimala"]
---

# ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ കർശന നിയന്ത്രണം: ബുക്ക് ചെയ്ത് എത്താത്തവർക്ക് വീണ്ടും അവസരമില്ല; ആധാർ ഒ.ടി.പി നിർബന്ധമാക്കും

> **Lead Summary:** പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ കർശന നിയന്ത്രണങ്ങളുമായി പോലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും. മുൻകൂട്ടി ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുന്നവർക്ക് നിലവിലെ മണ്ഡലകാലത്ത് പിന്നീട് ദർശനത്തിനായി വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കാത്ത രീതിയിലുള്ള പുതിയ പരിഷ്കരണമാണ് നടപ്പാക്കുന്നത്. അതേസമയം, സ്ലോട്ട് ബുക്ക് ചെയ്ത ശേഷം അസൗകര്യങ്ങൾ കാരണം എത്താൻ കഴിയാത്ത തീർത്ഥാടകർക്ക് മുൻകൂട്ടി ബുക്കിങ് റദ്ദാക്കാനും മറ്റൊരു ദിവസത്തേക്ക് മാറ്റാനും അവസരമുണ്ടായിരിക്കും.

## Article Content

പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ കർശന നിയന്ത്രണങ്ങളുമായി പോലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും. മുൻകൂട്ടി ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുന്നവർക്ക് നിലവിലെ മണ്ഡലകാലത്ത് പിന്നീട് ദർശനത്തിനായി വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കാത്ത രീതിയിലുള്ള പുതിയ പരിഷ്കരണമാണ് നടപ്പാക്കുന്നത്. അതേസമയം, സ്ലോട്ട് ബുക്ക് ചെയ്ത ശേഷം അസൗകര്യങ്ങൾ കാരണം എത്താൻ കഴിയാത്ത തീർത്ഥാടകർക്ക് മുൻകൂട്ടി ബുക്കിങ് റദ്ദാക്കാനും മറ്റൊരു ദിവസത്തേക്ക് മാറ്റാനും അവസരമുണ്ടായിരിക്കും.

ബുക്കിങ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാതെ ദർശനത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർക്കാണ് പിന്നീട് ഈ സീസണിൽ ബുക്കിങ് അനുവദിക്കാത്ത വിധം നിയന്ത്രണം ഏർപ്പെടുത്തുന്നത്. അയൽ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്ന സാഹചര്യം തടയാനാണ് ദേവസ്വം ബോർഡിന്റെ ഈ സുപ്രധാന നീക്കം. ഈ മണ്ഡലകാലത്ത് തന്നെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് അധികൃതരുടെ ശ്രമം.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വൻകിട ട്രാവൽ ഏജൻസികളാണ് തീർത്ഥാടകരുടെ തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിലുള്ള കൂട്ടത്തോടെയുള്ള ബുക്കിങ് (മാസ് ബുക്കിങ്) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ബുക്കിങ്ങിൽ ആധാർ അധിഷ്ഠിത ഒ.ടി.പി (OTP) വെരിഫിക്കേഷൻ നിർബന്ധമാക്കും.

പുതിയ സംവിധാനം വരുന്നതോടെ എല്ലാ തീർത്ഥാടകരും ആധാർ വിവരങ്ങൾ നൽകി, അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനാകൂ. കൂടാതെ, ഓരോ തീർത്ഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യു.ആർ (QR) കോഡ് നൽകി ഇത് പമ്പയിലോ നിലയ്ക്കലോ വെച്ച് കർശനമായി പരിശോധിക്കുന്ന രീതിയിലേക്ക് മാറ്റാനും ആലോചനയുണ്ട്. പ്രതിദിനം 80,000 തീർത്ഥാടകർക്ക് ദർശനത്തിന് അനുമതിയുള്ളപ്പോഴും പല ദിവസങ്ങളിലും ഇതിന്റെ പകുതിയോളം പേർ മാത്രമാണ് സന്നിധാനത്ത് എത്തുന്നത്. വ്യാജ ബുക്കിങ്ങുകൾ കാരണം യഥാർത്ഥ ഭക്തർക്ക് ദർശന അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് കർശന നടപടികളിലേക്ക് ദേവസ്വം ബോർഡ് കടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392697/sabarimala-virtual-queue-booking-strict-rules-aadhaar-otp-rebooking-ban)