---
title: "ശബരിമല ഡ്യൂട്ടിയിൽ കർശന നിയന്ത്രണം: മദ്യപാനശീലമുള്ളവരെയും പ്രശ്‌നക്കാരെയും നിയോഗിക്കരുതെന്ന് നിർദ്ദേശം"
english_title: "Not to Deploy Problematic or Alcoholic Officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392699/sabarimala-duty-guidelines-ig-p-prakash-strict-instructions-nilakkal-assault"
published_at: "2026-11-22T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b028ab071b64_image_(4).png"
keywords: []
---

# ശബരിമല ഡ്യൂട്ടിയിൽ കർശന നിയന്ത്രണം: മദ്യപാനശീലമുള്ളവരെയും പ്രശ്‌നക്കാരെയും നിയോഗിക്കരുതെന്ന് നിർദ്ദേശം

> **Lead Summary:** തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ഐ.ജി പി. പ്രകാശ്. മദ്യപാനശീലമുള്ളവരെയോ മോശം പെരുമാറ്റത്തിലൂടെ സേനയ്ക്ക് കളങ്കം വരുത്തുന്നവരെയോ ഒരു കാരണവശാലും ശബരിമല ഡ്യൂട്ടിക്കായി അയക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് (എസ്.പി) അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ പോലീസുകാരന്റെ മോശം പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഐ.ജി കത്തിൽ ചൂണ്ടിക്കാട്ടി.

## Article Content

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ഐ.ജി പി. പ്രകാശ്. മദ്യപാനശീലമുള്ളവരെയോ മോശം പെരുമാറ്റത്തിലൂടെ സേനയ്ക്ക് കളങ്കം വരുത്തുന്നവരെയോ ഒരു കാരണവശാലും ശബരിമല ഡ്യൂട്ടിക്കായി അയക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് (എസ്.പി) അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ പോലീസുകാരന്റെ മോശം പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഐ.ജി കത്തിൽ ചൂണ്ടിക്കാട്ടി.

നവംബർ 20-ന് നിലയ്ക്കലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് കത്തിൽ പറയുന്നു. ഇത്തരം പ്രവൃത്തികൾ പോലീസ് സേനയുടെ അച്ചടക്കത്തെ തകർക്കുന്നതും പൊതുസമൂഹത്തിന് മുന്നിൽ സേനയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്. നല്ല പെരുമാറ്റവും അച്ചടക്കവുമുള്ളവരും, മദ്യപാനശീലമോ മറ്റ് മോശം പ്രവണതകളോ ഇല്ലാത്തവരുമായ ഉദ്യോഗസ്ഥരെ മാത്രമേ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട മേൽനോട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

കഴിഞ്ഞ ദിവസം നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എ.എസ്.ഐ ജിജോയെ സസ്‌പെൻഡ് ചെയ്യാൻ ഉന്നതതല നിർദ്ദേശം നൽകിയിരുന്നു. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലായിരുന്നു മർദ്ദനം. മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായ എ.എസ്.ഐ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വടക്കൻ പറവൂർ സ്വദേശിയായ ഡ്രൈവർ പ്രശാന്തിന്റെ പരാതി.

സംഭവത്തിൽ എറണാകുളത്തുനിന്നും ശബരിമല സ്‌പെഷ്യൽ ഡ്യൂട്ടിക്കെത്തിയ എ.എസ്.ഐ ജിജോയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല പോലീസ് ചീഫ് കോ-ഓർഡിനേറ്റർ പി. വിജയൻ ഐ.പി.എസ് ഉടനടി കർശന നടപടിക്ക് നിർദ്ദേശം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392699/sabarimala-duty-guidelines-ig-p-prakash-strict-instructions-nilakkal-assault)