---
title: "ജയരാജന്മാരുടെ പോരിൽ അന്വേഷണം തുടങ്ങി CPIM: വൈദേകം റിസോർട്ടിന് എതിരെ പി.ജയരാജൻ നൽകിയ പരാതിയിലും പി.ജയരാജന് എതിരെ ഇപി നൽകിയ പരാതിയിലും അന്വേഷണം"
english_title: "CPIM Jayarajan Fight Investigation Vaidekam Resort P Jayarajan EP Jayarajan Complaint Illegal Wealth Kannur KN Balagopal TP Ramakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392850/cpim-jayarajan-fight-investigation-vaidekam-resort-p-jayarajan-ep-jayarajan"
published_at: "2026-11-23T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0403388e635_1000248331.jpg"
keywords: ["investigation", "Vaidekam Resort", "EP Jayarajan P Jayarajan complaint"]
---

# ജയരാജന്മാരുടെ പോരിൽ അന്വേഷണം തുടങ്ങി CPIM: വൈദേകം റിസോർട്ടിന് എതിരെ പി.ജയരാജൻ നൽകിയ പരാതിയിലും പി.ജയരാജന് എതിരെ ഇപി നൽകിയ പരാതിയിലും അന്വേഷണം

> **Lead Summary:** **തിരുവനന്തപുരം: **സിപിഐഎമ്മിനുള്ളിലെ ജയരാജന്മാരുടെ പോരിൽ അന്വേഷണം തുടങ്ങി പാർട്ടി. വൈദേകം റിസോർട്ടിന് എതിരെ പി.ജയരാജൻ നൽകിയ പരാതിയിലും പി.ജയരാജന് എതിരെ ഇ.പി.ജയരാജൻ നൽകിയ പരാതിയിലുമാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചാണ് പരസ്പരമുള്ള പരാതികൾ.

## Article Content

**തിരുവനന്തപുരം: **സിപിഐഎമ്മിനുള്ളിലെ ജയരാജന്മാരുടെ പോരിൽ അന്വേഷണം തുടങ്ങി പാർട്ടി. വൈദേകം റിസോർട്ടിന് എതിരെ പി.ജയരാജൻ നൽകിയ പരാതിയിലും പി.ജയരാജന് എതിരെ ഇ.പി.ജയരാജൻ നൽകിയ പരാതിയിലുമാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചാണ് പരസ്പരമുള്ള പരാതികൾ.

പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ നേതാക്കൾ മുഖാമുഖം അണിനിരക്കുന്ന പോരാട്ടത്തിലാണ് സിപിഐഎം സംസ്ഥാനസെക്രട്ടേറിയേറ്റ് അന്വേഷണം പ്രഖ്യാപിച്ചത്. ഇ.പി.ജയരാജന്റെ കുടുംബത്തിന് നിക്ഷേപം ഉള്ള വൈദേകം റിസോർട്ടിനെ കുറിച്ചാണ് പ്രധാന അന്വേഷണം.

വൈദേകം റിസോർട്ടിന്റെ പേരിൽ തനിക്കെതിരെ പരാതി നൽകിയ പി.ജയരാജന് എതിരെ ഇ.പി.ജയരാജൻ നൽകിയ പരാതിയും ഇതിനൊപ്പം അന്വേഷിക്കും എന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിവരം.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ.ബാലഗോപാലും ടി.പി.രാമകൃഷ്ണനും അടങ്ങുന്ന കമ്മീഷനാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നാണ് ധാരണ.

ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുണ്ടായിരുന്ന വൈദേകം റിസോർട്ട് അനധികൃത സ്വത്താണെന്ന് ആരോപിച്ചാണ് പി.ജയരാജൻ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.

അടുത്തിടെ ഇ.പിയുടെ സഹോദരിയുടെ മകൻ വൈദേകം റിസോർട്ടിന് വേണ്ടി കരിമണൽ കമ്പനി മേധാവി ശശിധരൻ കർത്തയിൽ നിന്ന് ഒൻപത് കോടി കൈപ്പറ്റിയതായി ആരോപണം ഉന്നയിച്ചിരുന്നു.

2022 ഡിസംബറിൽ സംസ്ഥാന സമിതിയിൽ ഉന്നയിച്ച പരാതി പിന്നീട് രേഖാ മൂലം നൽകുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് അന്വേഷണം നടത്തുമെന്ന് നേതൃത്വം പ്രഖ്യാപിച്ചത്.

അതിന് പിന്നാലെ ഇ.പി.ജയരാജനും അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പി.ജയരാജന് എതിരെ പരാതി നൽകി. പി.ജയരാജന് ക്വട്ടേഷൻ സ്വർണക്കടത്ത് ബന്ധമുണ്ടെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392850/cpim-jayarajan-fight-investigation-vaidekam-resort-p-jayarajan-ep-jayarajan)