---
title: "18 വയസ്സില്‍ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ഹൈക്കോടതി"
english_title: "Kerala High Court Juvenile Age Limit 18 Years Children Crimes Nedumbassery Luxury Car Accident Justice A Badarudeen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393160/kerala-high-court-juvenile-age-limit-18-years-children-crimes-nedumbassery-car-accident"
published_at: "2026-11-25T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06c482e7ae0_1000248927.jpg"
keywords: ["Kerala High Court", "juvenile age 18", "Children crimes"]
---

# 18 വയസ്സില്‍ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ഹൈക്കോടതി

> **Lead Summary:** **നെടുമ്പാശ്ശേരി :** 18 വയസ്സില്‍ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂര്‍ത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.

## Article Content

**നെടുമ്പാശ്ശേരി :** 18 വയസ്സില്‍ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂര്‍ത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.

പ്രായപൂര്‍ത്തി നിര്‍ണയിക്കാന്‍ 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. മദ്യപിച്ച് 19കാരന്‍ ഓടിച്ച ആഡംബരക്കാറിടിച്ച് നെടുമ്പാശ്ശേരിയില്‍ മൂന്നുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയായിരുന്നു കോടതിയുടെ പരിഗണനയില്‍.

സൂര്യന്‍ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കി കോടതി നിലപാട് വിശദീകരിച്ചു. സൂര്യന്‍ ഉദിക്കുന്നിടമാണ് കിഴക്ക്. അതുപോലെ പ്രായപൂര്‍ത്തിയാകുന്നത് 18 വയസ്സിലാണെന്ന മുന്‍കൂട്ടിയുള്ള ധാരണയല്ല, പ്രായപൂര്‍ത്തിയാകുന്ന പ്രായത്തിനാണ് പ്രാധാന്യം. പ്രായപൂര്‍ത്തിയാകുന്നത് 16 വയസ്സാണെങ്കില്‍ പ്രായപൂര്‍ത്തിയുടെ പരിധിയും 16 ആകണമല്ലോ എന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, 19കാരന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ മദ്യനയത്തില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393160/kerala-high-court-juvenile-age-limit-18-years-children-crimes-nedumbassery-car-accident)