---
title: "ശ്രീനിവാസന്‍ വധ൦ ; കടയില്‍ കയറി വെട്ടിയ യുവാവും വാഹനമോടിച്ച മറ്റൊരു വ്യക്തിയും പിടിയിലായി"
english_title: "Srinivasan assassinated; The young man who broke into the shop and  hacked another person who was driving were arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39331/srinivasan-assassinated-the-young-man-who-broke-into-the-shop-and-hacked-another-person-who-was-driving-were-arrested"
published_at: "2022-04-26T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626757cb1e4fc_sreenivasan.1.1594875.jpg"
keywords: []
---

# ശ്രീനിവാസന്‍ വധ൦ ; കടയില്‍ കയറി വെട്ടിയ യുവാവും വാഹനമോടിച്ച മറ്റൊരു വ്യക്തിയും പിടിയിലായി

> **Lead Summary:** പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

## Article Content

പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

ശ്രീനിവാസനെ കടയില്‍ കയറി വെട്ടിയ യുവാവും വാഹനമോടിച്ച മറ്റൊരു വ്യക്തിയുമാണ് പിടിയിലായത്. ഇതോടെ കേസില്‍ ഒന്‍പത് പേര്‍ കസ്റ്റഡിയിലായി.

മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിയത്. ഈ മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത് എന്നാണ് സൂചനകള്‍.

കേസില്‍ രണ്ട് പേരെക്കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മുണ്ടൂര്‍ ഒന്‍പതാംമൈല്‍ നായമ്ബാടം സ്വദേശി അബ്ദുല്‍ ഖാദര്‍ (ഇക്ബാല്‍ 34), പാലക്കാട് ചടനാംകുറുശ്ശി സ്വദേശി ഫയാസ്34)എന്നിവരാണ് അറസ്റ്റിലായത്.

കൊലയാളികള്‍ എത്തിയ ഇരുചക്രവാഹനങ്ങളില്‍ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് അബ്ദുല്‍ ഖാദര്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഇനി രണ്ട് ബൈക്കുകള്‍ കൂടി കണ്ടെത്താനുണ്ട്. ഒരു കാര്‍ ഇവര്‍ക്ക് അകമ്ബടിയായി എത്തിയിരുന്നു എന്നും കണ്ടെത്തിയിരുന്നു.

അതിനിടെ എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കഴിഞ്ഞദിവസം, പട്ടാമ്ബിയിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. വീടുകളിലും പാര്‍ട്ടി ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39331/srinivasan-assassinated-the-young-man-who-broke-into-the-shop-and-hacked-another-person-who-was-driving-were-arrested)