---
title: "പെട്രോളിലെ എഥനോൾ പരിശോധന; കേന്ദ്രത്തിന് മൂന്നാം തവണയും കത്തയച്ച് സംസ്ഥാന സർക്കാർ"
english_title: "Ethanol Content Testing Petrol Kerala Writes Centre Third Time Pure Petrol Samples"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393540/ethanol-content-testing-petrol-kerala-writes-centre-third-time-pure-petrol-samples"
published_at: "2026-11-28T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a683e291d3_images_(28).jpeg"
keywords: ["Ethanol", "Petrol", "Kerala Government"]
---

# പെട്രോളിലെ എഥനോൾ പരിശോധന; കേന്ദ്രത്തിന് മൂന്നാം തവണയും കത്തയച്ച് സംസ്ഥാന സർക്കാർ

> **Lead Summary:** **തിരുവനന്തപുരം**: പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമായി പരിശോധിക്കുന്നതിനായി നൂറുശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് മൂന്നാം തവണയും കത്തയച്ച് സംസ്ഥാന സർക്കാർ. നേരത്തെ അയച്ച രണ്ട് കത്തുകൾക്കും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കേന്ദ്രത്തിന്റെ ഇടപെടൽ തേടിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമായി പരിശോധിക്കുന്നതിനായി നൂറുശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് മൂന്നാം തവണയും കത്തയച്ച് സംസ്ഥാന സർക്കാർ. നേരത്തെ അയച്ച രണ്ട് കത്തുകൾക്കും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കേന്ദ്രത്തിന്റെ ഇടപെടൽ തേടിയിരിക്കുന്നത്.

പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമായി കണ്ടെത്തി ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾക്കായാണ് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. താരതമ്യ പഠനം നടത്താൻ എഥനോൾ ഒട്ടും കലരാത്ത ശുദ്ധമായ പെട്രോൾ അനിവാര്യമാണെന്ന് സംസ്ഥാന സർക്കാർ കത്തിൽ ചൂണ്ടിക്കാട്ടി. ഇതിനായി കേന്ദ്രസർക്കാറിന്റെ കീഴിലുള്ള എണ്ണക്കമ്പനികൾക്ക് ആവശ്യമായ നിർദേശം നൽകണമെന്ന ആവശ്യവും ആവർത്തിച്ചിട്ടുണ്ട്. നേരത്തെ നൽകിയ രണ്ട് കത്തുകളിലും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

വാഹനങ്ങൾക്ക് എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നതിലൂടെ വ്യാപകമായി തകരാറുകൾ സംഭവിക്കുന്നുവെന്ന പരാതികളെത്തുടർന്നാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്.

ആവശ്യമായ സാമ്പിളുകൾ നൽകാമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പരിശോധനകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്രത്തിന്റെ ഇടപെടൽ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയുടെ ഭാഗമായി നിലവിൽ രാജ്യത്ത് 15 മുതൽ 20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോളാണ് വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393540/ethanol-content-testing-petrol-kerala-writes-centre-third-time-pure-petrol-samples)