---
title: "സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന് ഹൈക്കമാൻഡ്"
english_title: "Sunny Joseph Continue KPCC President High Command No Change Reorganisation December"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393547/sunny-joseph-continue-kpcc-president-high-command-no-change-reorganisation-december"
published_at: "2026-11-28T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a704ae0ca6_images_(90).jpeg"
keywords: ["Sunny Joseph", "KPCC", "Congress"]
---

# സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന് ഹൈക്കമാൻഡ്

> **Lead Summary:** **ഡൽഹി**: കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ തൽക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുമായുള്ള കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെക്കുറിച്ച് ചർച്ച നടന്നില്ല.

## Article Content

**ഡൽഹി**: കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ തൽക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുമായുള്ള കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെക്കുറിച്ച് ചർച്ച നടന്നില്ല.

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവും കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം മതിയെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. രാഹുൽ ഗാന്ധിയുമായി സണ്ണി ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തും.

സംസ്ഥാന കോൺഗ്രസിലെ സംഘടനാപരമായ തർക്കങ്ങൾക്കും ആഭ്യന്തര പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി ഡിസംബർ പകുതിയോടെ കെപിസിസി പുനഃസംഘടനയിലേക്ക് കടക്കാനാണ് എഐസിസിയുടെ തീരുമാനം. മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെയും 14 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയും നിശ്ചയിക്കാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കിടയിലുള്ള അഭിപ്രായഭിന്നതകളും ഗ്രൂപ്പ് പോരുകളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തൽ ഹൈക്കമാൻഡിന് മുന്നിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിനിടയിലും സംഘടനാ സംവിധാനം ദുർബലമാണെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. അതുകൊണ്ട് തന്നെ ഇനിയും കെപിസിസി പുനഃസംഘടന വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393547/sunny-joseph-continue-kpcc-president-high-command-no-change-reorganisation-december)