---
title: "ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ"
english_title: "Sabarimala Virtual Queue Slots Bulk Booking Fraud Devaswom Vigilance Travel Agencies OTP Booking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393570/sabarimala-virtual-queue-slots-bulk-booking-fraud-devaswom-vigilance"
published_at: "2026-11-28T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a94adac390_1000249408.jpg"
keywords: ["Sabarimala virtual queue", "bulk booking", "travel agencies"]
---

# ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ.

## Article Content

**തിരുവനന്തപുരം: **ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ.

തമിഴ്‌നാട്, കർണാടക, ആന്ധ്ര തീർത്ഥാടകർക്ക് സ്ലോട്ടുകൾ വിറ്റു. സോഫ്റ്റ്വെയറിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഒറ്റ മൊബൈൽ നമ്പറിൽ നിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തി, OTP പരിശോധനയില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.

ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്ലോട്ടുകൾ തീർന്നതോടെയാണ് പണം നൽകി ട്രാവൽ ഏജൻസികളെ സമീപിക്കാൻ തീർത്ഥാടകർ നിർബന്ധിതരായത്. കൂട്ടബുക്കിങ്ങുകൾ പിന്നീട് റദ്ദാക്കിയതോടെ ആദ്യ ദിവസങ്ങളിലെ തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവിന് തട്ടിപ്പും കാരണമായെന്നാണ് വിജിലൻസ് നിഗമനം.

അതേസമയം, ദിവസേനയുള്ള ശബരിമല ദർശന പരിധി 80,000ൽ നിന്ന് 90,000 ആയി ഉയർത്താനാണ് ദേവസ്വം ബോർഡ് തീരുമാനം. ഇതിനായി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിക്കും. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങളും വർധിപ്പിക്കും.

റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും. നിലവിൽ കണ്ടെത്തിയിട്ടുള്ള സ്ലോട്ട് തട്ടിപ്പിൽ സൈബർ പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. ട്രാവൽ ഏജൻസികളെ ചോദ്യം ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ OTP അധിഷ്ഠിത ബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് സോഫ്റ്റ്വെയർ പൂർണമായി പരിഷ്കരണം പൂർത്തിയാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393570/sabarimala-virtual-queue-slots-bulk-booking-fraud-devaswom-vigilance)