---
title: "മണ്ഡല പുനർനിർണ്ണയ ബിൽ: വിദേശത്തുള്ള കെ. സുധാകരൻ എം.പി തിരിച്ചെത്തുമോയെന്ന് ആശങ്ക; മടങ്ങിവരാൻ എ.ഐ.സി.സി നിർദ്ദേശം"
english_title: "Delimitation Bill Special Session: Congress Asks MP K. Sudhakaran to Cut Short Foreign Trip and Return"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393609/delimitation-bill-special-session-congress-asks-k-sudhakaran-return-from-abroad"
published_at: "2026-11-28T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ada7f8950e_image_(7).png"
keywords: []
---

# മണ്ഡല പുനർനിർണ്ണയ ബിൽ: വിദേശത്തുള്ള കെ. സുധാകരൻ എം.പി തിരിച്ചെത്തുമോയെന്ന് ആശങ്ക; മടങ്ങിവരാൻ എ.ഐ.സി.സി നിർദ്ദേശം

> **Lead Summary:** ന്യൂഡല്‍ഹി : മണ്ഡല പുനർനിർണ്ണയ ബിൽ അവതരിപ്പിക്കുന്നതിനായി തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസിന്റെ എല്ലാ എം.പിമാരുടെയും സാന്നിധ്യം ഉറപ്പാക്കാൻ എ.ഐ.സി.സി കർശന നിർദ്ദേശം നൽകി. ഞായറാഴ്ച രാവിലെ തന്നെ മുഴുവൻ എം.പിമാരോടും ഡൽഹിയിൽ എത്തിച്ചേരാൻ ഇന്ത്യാ സഖ്യ നേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ, കണ്ണൂർ എം.പി കെ. സുധാകരൻ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹം സമ്മേളനത്തിനായി തിരിച്ചെത്തുമോ എന്ന കാര്യത്തിൽ നേതൃത്വത്തിന് ആശങ്ക തുടരുകയാണ്.

## Article Content

ന്യൂഡല്‍ഹി : മണ്ഡല പുനർനിർണ്ണയ ബിൽ അവതരിപ്പിക്കുന്നതിനായി തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസിന്റെ എല്ലാ എം.പിമാരുടെയും സാന്നിധ്യം ഉറപ്പാക്കാൻ എ.ഐ.സി.സി കർശന നിർദ്ദേശം നൽകി. ഞായറാഴ്ച രാവിലെ തന്നെ മുഴുവൻ എം.പിമാരോടും ഡൽഹിയിൽ എത്തിച്ചേരാൻ ഇന്ത്യാ സഖ്യ നേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ, കണ്ണൂർ എം.പി കെ. സുധാകരൻ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹം സമ്മേളനത്തിനായി തിരിച്ചെത്തുമോ എന്ന കാര്യത്തിൽ നേതൃത്വത്തിന് ആശങ്ക തുടരുകയാണ്.

ചികിത്സയുമായി ബന്ധപ്പെട്ടാണ് സുധാകരൻ വിദേശയാത്ര തിരിച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നത്. ഉടൻ മടങ്ങിവരാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി കെ. സുധാകരൻ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. യാത്ര തിരിക്കും മുൻപേ തന്നെ സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നും പ്രത്യേക സമ്മേളനത്തിന്റെ പ്രാധാന്യം ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

നിലവിൽ യു.എ.ഇയിലുള്ള കെ. സുധാകരനോട് വിദേശ സന്ദർശനം ചുരുക്കി അടിയന്തരമായി തിരിച്ചുവരാൻ എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിൽ വ്യക്തമാക്കി. ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ പാർലമെന്റിൽ ഓരോ എം.പിയുടെയും വോട്ടും സാന്നിധ്യവും പ്രതിപക്ഷത്തിന് നിർണ്ണായകമാണ്. അതിനാൽ തന്നെ വിദേശത്തുള്ള മുഴുവൻ അംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് ഡൽഹിയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393609/delimitation-bill-special-session-congress-asks-k-sudhakaran-return-from-abroad)