---
title: "ആറളം ശലഭ സങ്കേതം സന്ദർശിച്ച് കേരള ഗവർണർ"
english_title: "Kerala Governor Visits Aralam Butterfly Sanctuary After Seeing Off President"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393651/kerala-governor-visits-aralam-butterfly-sanctuary-after-seeing-off-president"
published_at: "2026-11-29T07:12:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b83265b730_1000419973.jpg"
keywords: ["Kerala Governor", "Aralam", "Butterfly Sanctuary"]
---

# ആറളം ശലഭ സങ്കേതം സന്ദർശിച്ച് കേരള ഗവർണർ

> **Lead Summary:** **ആറളം**: ഏഴിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം കേരള ഗവർണർ ആറളം ശലഭ സങ്കേതം സന്ദർശിച്ചു.

## Article Content

**ആറളം**: ഏഴിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം കേരള ഗവർണർ ആറളം ശലഭ സങ്കേതം സന്ദർശിച്ചു.

രാവിലെ 11.45 ഓടെ ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ ആസ്ഥാനത്തെത്തിയ ഗവർണറെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. സ്വകാര്യ സന്ദർശനമായിരുന്നതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

ഏകദേശം മൂന്നര മണിക്കൂറോളം ആറളം ശലഭ സങ്കേതത്തിൽ ചെലവഴിച്ച ഗവർണർ പൂക്കുണ്ട് വരെ സന്ദർശിച്ച് വനത്തിന്റെ മനോഹാരിത ആസ്വദിച്ചു. തുടർന്ന് ഡ്രോൺ മുഖേന ആറളം ഫാമിന്റെയും ആറളം ശലഭ സങ്കേതത്തിന്റെയും ആകാശദൃശ്യങ്ങളും വീക്ഷിച്ചു.

വളയഞ്ചാലിൽ വനം ഉത്തരമേഖല സി.സി.എഫ്. അഞ്ജൽ കുമാർ, കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് എ.സി.എഫ്. എ. സജന, ആറളം ശലഭ സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശൻ എന്നിവർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്.

ഇരിട്ടി ഡി.വൈ.എസ്.പി. പി.കെ. ധനഞ്ജയ ബാബു, കാസർകോട് ജില്ല സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി. ഉത്തംദാസ് ടി. എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

ഗവർണറുടെ എ.ഡി.സി. രാജേഷ് കുമാർ ഉൾപ്പെടെയുള്ള സ്റ്റാഫ് അംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393651/kerala-governor-visits-aralam-butterfly-sanctuary-after-seeing-off-president)