---
title: "ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാളം പതിക്കാൻ സംവിധാനമുള്ള എല്ലാ സർക്കാർ ഓഫിസുകളും  സ്പാർക്കുമായി ബന്ധിപ്പിക്കണം: ചീഫ് സെക്രട്ടറി"
english_title: "Should be connected to the spark"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39367/should-be-connected-to-the-spark"
published_at: "2022-04-26T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626788b726cd3_Kerala_Government_Secretariat.jpg"
keywords: []
---

# ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാളം പതിക്കാൻ സംവിധാനമുള്ള എല്ലാ സർക്കാർ ഓഫിസുകളും  സ്പാർക്കുമായി ബന്ധിപ്പിക്കണം: ചീഫ് സെക്രട്ടറി

> **Lead Summary:** തിരുവനന്തപുരം: ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാളം പതിക്കാൻ സംവിധാനമുള്ള എല്ലാ സർക്കാർ ഓഫിസുകളും അതിനെ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഉത്തരവിട്ടു.

## Article Content

തിരുവനന്തപുരം: ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാളം പതിക്കാൻ സംവിധാനമുള്ള എല്ലാ സർക്കാർ ഓഫിസുകളും അതിനെ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഉത്തരവിട്ടു.

ഇതോടെ, പതിവായി വൈകിയെത്തുന്നവർക്കു ശമ്പളമോ അവധിയോ നഷ്ടപ്പെടും. എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും മുക്കാൽ പങ്ക് ഓഫിസുകളിലേ ഇതു ഫലപ്രദമായി നടപ്പായിട്ടുള്ളൂ.

മാത്രമല്ല, പഞ്ചിങ് നടപ്പാക്കിയ മിക്ക ഓഫിസുകളും അതിനെ ‘സ്പാർക്കു’മായി ബന്ധിപ്പിച്ചിട്ടുമില്ല. വൈകിയെത്തുന്നവർക്കും നേരത്തേ പോകുന്നവർക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവർക്കും മേലുദ്യോഗസ്ഥർ എതിർത്തില്ലെങ്കിൽ നിലവിൽ അതു ശമ്പളത്തെ ബാധിക്കുന്നില്ല.

സ്പാർക്കുമായി ബന്ധിപ്പിച്ചാൽ ഇൗ ‘സ്വാതന്ത്ര്യ’ത്തിനു മേൽ പിടിവീഴുമെന്നതിനാലാണു മിക്ക ഓഫിസുകളും അതിനു തയാറാകാത്തത്. ഇതേക്കുറിച്ചു വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണു പഞ്ചിങ്–സ്പാർക് ബന്ധിപ്പിക്കലിനു ചീഫ് സെക്രട്ടറി വി.പി.ജോയ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്.

വകുപ്പു മേധാവികൾ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. പുതുതായി നിയമനം നേടുന്നവരും ഡപ്യൂട്ടേഷൻ കഴിഞ്ഞു സെക്രട്ടേറിയറ്റിൽ തിരിച്ചെത്തുന്നവരും ആദ്യ ദിവസം മുതൽ തന്നെ പഞ്ച് ചെയ്തു തുടങ്ങണമെന്നും ഇല്ലെങ്കിൽ ശമ്പളം നഷ്ടമാകുമെന്നുമുള്ള ഉത്തരവും ഇന്നലെയിറക്കി.

2017 ൽ സെക്രട്ടേറിയറ്റിലാണ് പഞ്ചിങ്ങിനെ ആദ്യമായി സ്പാർക്കുമായി ബന്ധിപ്പിച്ചത്. തുടർന്നു മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്ന നടപടിക്കു തുടക്കമിട്ടെങ്കിലും കോവിഡിനെത്തുടർന്നു നിർത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ സെപ്റ്റംബറിലാണു പഞ്ചിങ് പുനരാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39367/should-be-connected-to-the-spark)