---
title: "നറുക്ക് വീണാൽ സ്ഥലം സ്വന്തം, പിണറായി പന്തക്കപ്പാറയിലെ ഹരിദാസ് കണ്ടെത്തിയ പുതു വഴി ഇങ്ങനെ"
english_title: "If the lot falls, the place is its own"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39463/if-the-lot-falls-the-place-is-its-own"
published_at: "2022-04-26T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267d3b3e924f_Picsart_22-04-26_16-42-12-826.jpg"
keywords: []
---

# നറുക്ക് വീണാൽ സ്ഥലം സ്വന്തം, പിണറായി പന്തക്കപ്പാറയിലെ ഹരിദാസ് കണ്ടെത്തിയ പുതു വഴി ഇങ്ങനെ

> **Lead Summary:** പിണറായി : സ്ഥലം വിൽക്കാൻ വ്യത്യസ്തമായ മാർഗം സ്വീകരിച്ച് പിണറായി പന്തക്കപ്പാറ സ്വദേശി. കിടപ്പാടവും സ്ഥലവും ജപ്തിഭീഷണിയിലായതോടെ വീടിനോട് ചേർന്ന 12 സെന്റ് ഭൂമി നറുക്കെടുപ്പിലൂടെ വിൽക്കാനൊരുങ്ങുകയാണ് പന്തക്കപ്പാറ സ്വദേശി ഹരിദാസ്.

## Article Content

പിണറായി : സ്ഥലം വിൽക്കാൻ വ്യത്യസ്തമായ മാർഗം സ്വീകരിച്ച് പിണറായി പന്തക്കപ്പാറ സ്വദേശി. കിടപ്പാടവും സ്ഥലവും ജപ്തിഭീഷണിയിലായതോടെ വീടിനോട് ചേർന്ന 12 സെന്റ് ഭൂമി നറുക്കെടുപ്പിലൂടെ വിൽക്കാനൊരുങ്ങുകയാണ് പന്തക്കപ്പാറ സ്വദേശി ഹരിദാസ്.

സ്ഥലം വാങ്ങാൻ നിരവധി ആവശ്യക്കാരെത്തി. പക്ഷേ,ജപ്തിവാർത്തയും സാമ്പത്തികപ്രതിസന്ധിയും മുതലെടുത്ത് സ്ഥലം സ്വന്തമാക്കാനായിരുന്നു പലരുടെയും ശ്രമം. സെന്റിന് പലരും പറഞ്ഞത് അൻപതിനായിരം രൂപ വരെ മാത്രം. പ്രതിസന്ധി അറിഞ്ഞപ്പോൾ കുറഞ്ഞ വിലയ്ക്ക് സ്ഥലം സ്വന്തമാക്കാൻ ആയിരുന്നു പലർക്കും താല്പര്യം.

ഒന്നരലക്ഷം വിപണിവിലയുള്ള പ്രദേശമാണിത്. ഇതോടെയാണ് സ്ഥലം വിൽക്കാൻ പുതിയൊരു വഴി ഹരിദാസ് കണ്ടെത്തിയത്. ഇതിനായി 1000 രൂപ വിലയുള്ള 3000 കൂപ്പണുകൾ അടിച്ചു. വിഷുദിനത്തിൽ വിതരണവും തുടങ്ങി. 300-ല്പരം കൂപ്പണുകൾ ഇതിനോടകം വിറ്റഴിച്ചു. സ്വാതന്ത്ര്യദിനത്തിൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി സ്ഥലം കൈമാറാനാണ് പരിപാടി.

നല്ല വിളവ് തരുന്ന ഒൻപത് തെങ്ങും 14 കവുങ്ങും ചെറിയ കുളവുമാണ് ഇവിടെയുള്ളത്. കൂടാതെ മഞ്ഞളും ഇഞ്ചിയും. നവമാധ്യമങ്ങളാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. 2014-ൽ പലഹാരങ്ങൾ നിർമിച്ച വിതരണം ചെയ്യുന്ന ചെറിയ യൂണിറ്റ് വീടിനോട് ചേർന്ന് തുടങ്ങി.

ഇതിനായി സഹകരണ ബാങ്കിൽനിന്ന് 12 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കോവിഡ് കാരണം ബിസിനസ് പ്രതിസന്ധിയിലായി. ഒൻപതുലക്ഷത്തോളം രൂപ പലഹാരങ്ങൾ വാങ്ങിയ വകയിൽ കടകളിൽനിന്ന് പിരിഞ്ഞുകിട്ടാനുണ്ടെന്ന് ഹരിദാസ് പറയുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39463/if-the-lot-falls-the-place-is-its-own)