---
title: " നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് ; പരാതിയില്‍ വെളിപ്പെടുത്തലുമായി വിജയ്‌ബാബു"
english_title: "Rape case against actor and producer Vijay Babu; Vijay Babu with disclosure in the complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39528/rape-case-against-actor-and-producer-vijay-babu-vijay-babu-with-disclosure-in-the-complaint"
published_at: "2022-04-27T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268a187e15bc_images (13).jpeg"
keywords: []
---

#  നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് ; പരാതിയില്‍ വെളിപ്പെടുത്തലുമായി വിജയ്‌ബാബു

> **Lead Summary:**  കൊച്ചി: സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് ബലാല്‍സംഗം ചെയ്‌തു എന്ന കോഴിക്കോട് സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തലുമായി വിജയ്‌ബാബു.

## Article Content

 കൊച്ചി: സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് ബലാല്‍സംഗം ചെയ്‌തു എന്ന കോഴിക്കോട് സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തലുമായി വിജയ്‌ബാബു.

താന്‍ തെറ്റ് ചെയ്‌തിട്ടില്ല. തെറ്റ് ചെയ്‌തെങ്കില്‍ മാത്രം ഭയപ്പെട്ടാല്‍ മതി. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇരയുടെ ഒപ്പമുള‌ള അട്ടകളാണ്. ഒരാള്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്ബോള്‍ താഴ്‌ത്തിക്കെട്ടാന്‍ ഈ അട്ടകള്‍ വരുമെന്നും വിജയ് ബാബു പറഞ്ഞു.

2018 മുതല്‍ പരാതിനല്‍കിയ പെണ്‍കുട്ടിയെ അറിയാം. തന്റെ ചിത്രത്തില്‍ നായികയായി അഭിനയിച്ച കുട്ടിയാണ്. പ്രോപ്പറായി ഓഡീഷന്‍ ചെയ്‌ത് വരാന്‍ പറഞ്ഞ് ഓഡീഷന്‍ ചെയ്‌ത് വന്ന കുട്ടിയാണ്. ചിത്രം വിജയിച്ചപ്പോള്‍ അതിന്റെ സെലബ്രേഷന് വരാന്‍ പറഞ്ഞശേഷം വന്നില്ല.

ഒന്നര വര്‍ഷത്തോളം താന്‍ കുട്ടിയ്‌ക്ക് ഒരു മെസേജും അയച്ചിട്ടില്ല. അതിനിടെ കാണണം എന്നാവശ്യപ്പെട്ട് നിരവധി മെസേജുകള്‍ പെണ്‍കുട്ടി തനിക്ക് അയച്ചു. ഇത്തരം 400ഓളം സ്ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഡിപ്രഷന്‍ ആണെന്നുപറഞ്ഞ് കാണാന്‍ വന്നു. അതിന് ശേഷമുള‌ള കാര്യങ്ങള്‍ താന്‍ കോടതിയില്‍ ബോദ്ധ്യപ്പെടുത്തുമെന്നും വിജയ് ബാബു പറഞ്ഞു. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്‌ക്ക് എതിരായി മാനനഷ്‌ടകേസ് ഫയല്‍ ചെയ്യുമെന്നും പെണ്‍കുട്ടിയും കുടുംബവും ഇതിന് പിന്നില്‍ നിന്നവരും കേസ് നേരിടണമെന്നും വിജയ്‌ബാബു പറഞ്ഞു.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ളാറ്റില്‍ വെച്ച്‌ നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസിന് പരാതി നല്‍കിയത്. വിജയ് ബാബുവിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിലാണ് വിജയ് ബാബു സിനിമാനിര്‍മ്മാണം നടത്തുന്നത്. ഫിലിപ് ആന്റ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ്. നടനെന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39528/rape-case-against-actor-and-producer-vijay-babu-vijay-babu-with-disclosure-in-the-complaint)