---
title: "കൂത്തുപറമ്പ് മാങ്ങാട്ടിടം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചൂടിൽ"
english_title: "Koothuparambu Mangattidam Panchayat Election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39571/koothuparambu-mangattidam-panchayat-election"
published_at: "2022-04-27T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268e259a8372_Picsart_22-04-27_11-57-07-317.jpg"
keywords: []
---

# കൂത്തുപറമ്പ് മാങ്ങാട്ടിടം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചൂടിൽ

> **Lead Summary:**  കൂത്തുപറമ്പ് മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി അഞ്ചാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.

## Article Content

 കൂത്തുപറമ്പ് മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി അഞ്ചാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.

വാർഡംഗമായിരുന്ന സി.കെ.ഷീനയുടെ നിര്യാണത്തെത്തുടർന്നാണ് മേയ് 17-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫ്. സ്ഥാനാർഥി കെ.സുരേഷ്‌കുമാർ ചൊവ്വാഴ്ച്ചയാണ് പത്രിക സമർപ്പിച്ചത്.

സി.പി.എം. കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ടി.ബാലൻ, നേതാക്കളായ ഷാജി കരിപ്പായി, പി.അബ്ദുൾ റഷീദ്, പി.ഉത്തമൻ, എം.കെ.സുധീർകുമാർ, എം.നന്ദനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.ബി.ജെ.പി. സ്ഥാനാർഥി ഷിജു ഒറോക്കണ്ടിയും ചൊവ്വാഴ്ചയാണ് പത്രിക നൽകിയത്.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, വൈസ് പ്രസിഡന്റ് മോഹനൻ മാനന്തേരി, വിജയൻ വട്ടിപ്രം, കെ.പി.രാജേഷ്, കെ.ബി.പ്രജിൽ, പി.അനീഷ് കരേറ്റ, എ.ഇ.സജു, കെ.സുനിൽകുമാർ പെരിഞ്ചേരി എന്നിവർ ഒപ്പമുണ്ടായിരുന്നു.

യു.ഡി.എഫ്. സ്ഥാനാർഥി എം.പി.മമ്മൂട്ടി തിങ്കളാഴ്ച പത്രിക സമർപ്പിച്ചിരുന്നു. ഉപ ഭരണാധികാരികൂടിയായ പഞ്ചായത്ത് സെക്രട്ടറി കെ.സത്യൻ മുമ്പാകെയാണ് മൂവരും പത്രിക നൽകിയത്. കഴിഞ്ഞതവണ 73 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി. സ്ഥാനാർഥിയായ സി.കെ.ഷീന വാർഡിൽ വിജയിച്ചത്.

എസ്.ഡി.പി.ഐ. ആയിരുന്നു രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. മൂന്നും എൽ.ഡി.എഫ്. നാലും സ്ഥാനത്തായിരുന്നു. എസ്.ഡി.പി.ഐ.ക്കായി ആഷിർ നന്നോറയാണ് ഇത്തവണയും മത്സരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39571/koothuparambu-mangattidam-panchayat-election)