---
title: "കണ്ണൂർ കൂത്തുപറമ്പ് മൂന്നാംപീടികയിൽ ബസും വാനും ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "Bus, van and lorry collide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39918/bus-van-and-lorry-collide"
published_at: "2022-04-29T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b91835f9d9_Picsart_22-04-29_12-48-38-919.jpg"
keywords: []
---

# കണ്ണൂർ കൂത്തുപറമ്പ് മൂന്നാംപീടികയിൽ ബസും വാനും ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** കൂത്തുപറമ്പ്: മൂന്നാംപീടികയിൽ ബസും വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. വാനിലെ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കൂത്തുപറമ്പ്: മൂന്നാംപീടികയിൽ ബസും വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. വാനിലെ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാംപീടിക അക്ഷയകേന്ദ്രത്തിന് എതിർവശത്ത് ഒരേദിശയിൽനിന്നെത്തിയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മട്ടന്നൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് യാത്രക്കാരെ ഇറക്കാൻവേണ്ടി നിർത്തുകയായിരുന്നു.

തൊട്ടുപിറകിലെത്തിയ വാൻ ബസിന് പുറകിൽ നിർത്തി. ഈ സമയം മറ്റൊരു ബസിനെ മറികടന്നുവന്ന ലോറി വാനിന് പുറകിൽ ഇടിച്ചു. ഇടിയേറ്റ വാൻ ബസിന് പിറകിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശം പൂർണമായും തകർന്നു.

മുൻസീറ്റിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഒരുമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കൂത്തുപറമ്പ് സി.ഐ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് വാൻ റോഡിൽനിന്ന് നീക്കിയശേഷമാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39918/bus-van-and-lorry-collide)