---
title: "പുഴയിലെ ഓളങ്ങളില്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സ്വന്തമായി ബോട്ട് നിര്‍മിച്ച്  പി.എം. സെബാസ്റ്റ്യന്‍ "
english_title: "Boat were made by PM Sebastian "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40247/boat-were-made-by-pm-sebastian"
published_at: "2022-05-01T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e3db78ddf2_IMG-20220501-WA0003.jpg"
keywords: []
---

# പുഴയിലെ ഓളങ്ങളില്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സ്വന്തമായി ബോട്ട് നിര്‍മിച്ച്  പി.എം. സെബാസ്റ്റ്യന്‍ 

> **Lead Summary:** പുഴയിലെ ഓളങ്ങളില്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സ്വന്തമായി ബോട്ട് നിര്‍മിച്ച് നീറ്റിലിറക്കിയിരിക്കുകയാണ് പാലാവയല്‍ ഓടക്കൊല്ലിയിലെ പി.എം. സെബാസ്റ്റ്യന്‍. ഇരുമ്പു പൈപ്പും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും ഉപയോഗിച്ച് നിര്‍മിച്ച ഈ ബോട്ട് സുരക്ഷിതമായ യാത്രയും വിനോദവും സമ്മാനിക്കുമെന്നാണ് യാത്ര ചെയ്തവരും പറയുന്നത്.

## Article Content

പുഴയിലെ ഓളങ്ങളില്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സ്വന്തമായി ബോട്ട് നിര്‍മിച്ച് നീറ്റിലിറക്കിയിരിക്കുകയാണ് പാലാവയല്‍ ഓടക്കൊല്ലിയിലെ പി.എം. സെബാസ്റ്റ്യന്‍. ഇരുമ്പു പൈപ്പും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും ഉപയോഗിച്ച് നിര്‍മിച്ച ഈ ബോട്ട് സുരക്ഷിതമായ യാത്രയും വിനോദവും സമ്മാനിക്കുമെന്നാണ് യാത്ര ചെയ്തവരും പറയുന്നത്.

കാര്യങ്കോട് പുഴയിലെ ഓളപ്പരപ്പില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന മലയോരവാസികള്‍ക്ക് അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് കര്‍ഷക ശാസ്ത്രജ്ഞനായി ഓടക്കൊല്ലിയിലെ പി.എം. സെബാസ്റ്റ്യന്‍. ഇരുമ്പ് പൈപ്പും പ്ലാസ്റ്റിക് കണ്ടെയ്‌നറും ഉപയോഗിച്ച് ഒരു ബോട്ട് നിര്‍മിച്ച് പുഴയിലിറക്കിയാണ് സെബാസ്റ്റ്യന്‍ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

6 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഈ ബോട്ട്. പുഴയില്‍ ശക്തമായ കുത്തൊഴുക്കുണ്ടായാലും ബോട്ട് അപകടത്തില്‍പ്പെടില്ലെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. സുരക്ഷയെക്കുറിച്ച് ആവലാതിയുള്ളവര്‍ക്ക് ബോട്ടില്‍ തന്നെ ലൈഫ് ജാക്കറ്റും ഹെല്‍മറ്റും ലഭിക്കും. പുളിങ്ങോം സ്വദേശിയായ ബിപിനാണ് ലൈഫ് ജാക്കറ്റും ഹെല്‍മറ്റുമൊക്കെ ബോട്ടിലേക്ക് നല്‍കിയിട്ടുള്ളത്.

കാര്യങ്കോട് പുഴയുടെ പുളിങ്ങോം ഭാഗത്താണ് ഇപ്പോള്‍ ബോട്ട് യാത്രക്ക് അവസരം. ബോട്ടിലെ യാത്ര രസകരമാണെന്ന് ഇതില്‍ സഞ്ചരിച്ചവരും പറയുന്നു. ചെറിയ തുക മുടക്കിയാല്‍ കുടുംബസമേതം പുഴയില്‍ ഉല്ലാസയാത്ര നടത്താനുള്ള അവസരമാണ് ഈ ബോട്ട് നിര്‍മിച്ചതിലൂടെ സെബാസ്റ്റിയന്‍ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി ഉപകരണങ്ങള്‍ ഇതിനുമുമ്പും സെബാസ്റ്റ്യന്‍ കണ്ടുപിടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40247/boat-were-made-by-pm-sebastian)