---
title: "കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കും: ഇ പി ജയരാജൻ"
english_title: "Thrikkakara By-Election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40626/thrikkakara-by-election"
published_at: "2022-05-03T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62710460b16a4_e-p-jayarajan.1.626523.jpg"
keywords: []
---

# കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കും: ഇ പി ജയരാജൻ

> **Lead Summary:** കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി വിജയിക്കുമെന്ന് എൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജൻ. തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.

## Article Content

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി വിജയിക്കുമെന്ന് എൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജൻ. തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.

തൃക്കാക്കരയിൽ സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽഡിഎഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പില്‍ കെ റെയിൽ ചർച്ച ചെയ്യട്ടെയെന്നും കെ റെയിൽ ജനവികാരം അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര യുഡിഎഫിൻ്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ച് തകർക്കുമെന്നും അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കട്ടെയെന്നും ഇ പി ജയരാജൻ പരിഹസിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫും യുഡിഎഫും ഒരുക്കങ്ങൾ തുടങ്ങി.

പി ടി തോമസിന്‍റെ മരണത്തോടെ സംജാതമായ ഉപതെരഞ്ഞെടുപ്പിൽ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തന്നെ കളത്തിലറക്കി മണ്ഡലം നിലനിർത്താനാണ് കോൺ​ഗ്രസ് നീക്കം. സഹതാപ തരം​ഗം കൂടി മുതലെടുക്കാനാണ് ഈ നീക്കം.

കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്. ഉമ തോമസിന്റെ പേര് ഔദ്യോ​ഗികമായി തീരുമാനിച്ച് ഹൈക്കമാണ്ടിനെ അറിയിച്ച് പ്രഖ്യാപനം നടത്തുകയാണ് ചർച്ചയുടെ ലക്ഷ്യം. നാളെ ഔ​ദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

രൂപീകൃതമായ ശേഷം ഇതുവരേയും കൈവിടാത്ത മണ്ഡലം ഇത്തവണയും ഒപ്പം നിർത്തുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് നേതൃത്വം.അതേസമയം സിപിഎമ്മിൽ നിന്ന് സ്ഥാനാർഥി ആരാകുമെന്നതിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

ഉമ തോമസ് ആണ് സ്ഥാനാർഥി എങ്കിൽ ഒരു വനിതയെ തന്നെ കളത്തിലിറക്കാനും സി പി എം ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനാണ്. എൽ ഡി എഫ് പ്രചരണം ഇ പി ജയരാജൻ ഏകോപിപ്പിക്കും.

മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ട്രറിയേറ്റ് അംഗം എം സ്വരാജ് എന്നിവർ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും തീരുമാനമായി. വികസനം വിഷയമാക്കിയാകും എല്‍ഡിഎഫിന്‍റെ പ്രചാരണം. കെ റെയിൽ അടക്കമുളള വിഷയങ്ങൾ മണ്ഡലത്തിൽ വോട്ടാക്കി മാറ്റാനാണ് എൽഡിഎഫ് തീരുമാനം. ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകൾ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാർത്ഥിയിലേക്ക് അവർ എത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40626/thrikkakara-by-election)