---
title: "കൊട്ടിയൂര്‍ നെല്ലിയോടിയിൽ കടുവയുടെ സാനിധ്യമെന്നു സംശയം:കാല്പാടുകൾ കണ്ടെത്തി  "
english_title: "Kottiyoor is the presence of the tiger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40747/kottiyoor-is-the-presence-of-the-tiger"
published_at: "2022-05-04T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62722da42ba64_Screenshot_20220504_130837.jpg"
keywords: []
---

# കൊട്ടിയൂര്‍ നെല്ലിയോടിയിൽ കടുവയുടെ സാനിധ്യമെന്നു സംശയം:കാല്പാടുകൾ കണ്ടെത്തി  

> **Lead Summary:** കൊട്ടിയൂര്‍: നെല്ലിയോടി മേഖലയില്‍ പ്രദേശവാസികളില്‍ ഭീതി വിതച്ച് വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ 5 ദിവസത്തോളമായി പ്രദേശത്ത് വിവിധ ഇടങ്ങളിലായി കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.

## Article Content

കൊട്ടിയൂര്‍: നെല്ലിയോടി മേഖലയില്‍ പ്രദേശവാസികളില്‍ ഭീതി വിതച്ച് വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ 5 ദിവസത്തോളമായി പ്രദേശത്ത് വിവിധ ഇടങ്ങളിലായി കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.

നെല്ലിയോടി സ്വദേശി തെങ്ങുമ്പള്ളി വില്‍സണ്‍, കരോട്ട് ദാസന്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. വനംവകുപ്പ് സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ടാപ്പിംങ്ങിനായി തോട്ടത്തിലെത്തിയ വെട്ടത്ത് ബിനോയി അസാധരണമായി മാനുകള്‍ കൂട്ടത്തോടെ ഓടിവരുന്നതും തൊട്ട് പുറകെ തന്നെ കടുവയുടെ അലര്‍ച്ചയും കേട്ടതിനെ തുടര്‍ന്ന് ടാപ്പിംങ് നടത്താതെ ഭയന്ന് ഓടിപോവുന്ന അവസ്ഥയും ഉണ്ടായി.

പ്രദേശത്ത് പകല്‍ സമയത്ത് പോലും വളര്‍ത്ത് മൃഗങ്ങളെ പറമ്പില്‍ കെട്ടാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പാല്‍ചുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്.

രാത്രി കാലങ്ങളില്‍ കടുവയുടെ അലര്‍ച്ചയും ചെറു ജീവികളുടെ അസാധാരണമായ കരച്ചിലും കേള്‍ക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജനവാസ കേന്ദ്രത്തിലുള്ള കടുവയുടെ സാന്നിധ്യം പ്രദേശവാസികളുടെ ടാപ്പിംങ്ങ് പോലുള്ള തൊഴിലിനെയും ബാധിച്ചിരിക്കുകയാണ്.

വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിച്ച് പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40747/kottiyoor-is-the-presence-of-the-tiger)