---
title: "സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും"
english_title: "Food safety inspections in the state will continue today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41237/food-safety-inspections-in-the-state-will-continue-today"
published_at: "2022-05-07T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275dcc541ad0_images (20).jpeg"
keywords: []
---

# സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഹോട്ടലുകളും മറ്റ് ഭക്ഷണ വില്‍പ്പനശാലകളും പരിശോധിക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഹോട്ടലുകളും മറ്റ് ഭക്ഷണ വില്‍പ്പനശാലകളും പരിശോധിക്കും.

ഭക്ഷ്യ വസ്തുക്കള്‍, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവയാണ് പരിശോധിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി നടത്തിയ പരിശോധനയില്‍ വീഴ്ച കണ്ടെത്തിയ 110 കടകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചിരുന്നു. രജിസ്‌ട്രേഷന്‍ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഇക്കൂട്ടത്തിലുണ്ട്. 1132 പരിശോധനകളാണ് നടത്തിയത്. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.

കാസര്‍കോട് ഷവര്‍മ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെയാണ് സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. പെണ്‍കുട്ടി ഷവര്‍മ കഴിച്ച ഐഡിയല്‍ കൂള്‍ബാറിനും ഇവര്‍ക്ക് കോഴിയിറച്ചി നല്‍കുന്ന ബദരിയ ചിക്കന്‍ സെന്ററിനും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41237/food-safety-inspections-in-the-state-will-continue-today)