---
title: "സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി"
english_title: "State teacher's vacation  training class were begin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41462/state-teachers-vacation-training-class-were-begin"
published_at: "2022-05-08T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277659f029c4_Screenshot_20220508_120836.jpg"
keywords: []
---

# സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി

> **Lead Summary:** പാപ്പിനിശ്ശേരി : സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അധ്യാപകസംഗമം എന്ന പേരിൽ അടുത്ത അധ്യയനവർഷത്തെ സ്കൂൾ പ്രവർത്തന മികവിനുള്ള അധ്യാപക ശാക്തീകരണ പരിപാടിയാണിത്. സംസ്ഥാനതല ആസൂത്രണത്തിനു ശേഷം പരിശീലകർക്കുള്ള ജില്ലാതല പരിശീലനം നടക്കും.

## Article Content

പാപ്പിനിശ്ശേരി : സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അധ്യാപകസംഗമം എന്ന പേരിൽ അടുത്ത അധ്യയനവർഷത്തെ സ്കൂൾ പ്രവർത്തന മികവിനുള്ള അധ്യാപക ശാക്തീകരണ പരിപാടിയാണിത്. സംസ്ഥാനതല ആസൂത്രണത്തിനു ശേഷം പരിശീലകർക്കുള്ള ജില്ലാതല പരിശീലനം നടക്കും.

1 മുതൽ 10 വരെയുള്ള 1.34 ലക്ഷം അധ്യാപകർക്ക് പരിശീലനം നൽകും. യുപി സ്കൂൾ അധ്യാപകർക്ക് 10നും, എൽപി സ്കൂൾ അധ്യാപകർക്ക് 16നുമായി പരിശീലനം തുടങ്ങും. എൽപി അധ്യാപകർക്ക് ഇതാദ്യമായി ഓരോ ജില്ലയിലും 2 കേന്ദ്രങ്ങളിലായി റസിഡൻഷ്യൽ അധ്യാപക പരിശീലനവും നടക്കും. കോവിഡ് കാലത്തെ ഓൺ ലൈൻ പഠനത്തിനു ശേഷം ഇതാദ്യമായാണ് അധ്യാപകർക്ക് നേരിട്ടു പരിശീലനം നൽകുന്നത്.

മൂല്യ നിർണയം നടക്കുന്നതിനിടെയാണ് ഹൈസ്കൂൾ അധ്യാപകർക്കുള്ള പരിശീലനം നടക്കേണ്ടത്. മുല്യനിർണയം, പരീക്ഷ എന്നിവ ഉള്ളതിനാൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപകർക്ക് ജൂണിലായിരിക്കും പരിശീലനം. ഓൺലൈൻ പഠനവേളയിലുണ്ടായ അക്കാദമിക് പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനാണു പരിശീലനത്തിൽ മുൻതൂക്കം നൽകുന്നത്.

പരിശീലനത്തിനു മുൻപ് പ്രൈമറി വിഭാഗത്തിലെ ഓരോ അധ്യാപകനും ക്ലാസിലെ 10 വിദ്യാർഥികളുടെ വീട് സന്ദർശിച്ചു അവരുടെ പഠന പ്രയാസങ്ങൾ, വീട്ടിലെ സാഹചര്യം തുടങ്ങിയവ അന്വേഷിച്ചു പ്രത്യേക കുറിപ്പ് തയ്യാറാക്കണം. ഇതിനിടെ കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എൽ പി, യുപി അധ്യാപകർക്കുള്ള 2 ദിവസത്തെ ഐടി പരിശീലനവും തുടങ്ങിക്കഴിഞ്ഞു.

ഇംഗ്ലീഷ് ഭാഷ പഠനത്തിനുള്ള ഇ-ക്യൂബ് ഇ- ലാംഗ്വേജ് ലാബ് എന്ന പേരിലാണ് ഐടി പരിശീലനം നടക്കുന്നത്. 2021 ജൂൺ മുതൽ നിയമനം ലഭിച്ച അധ്യാപകർക്ക് പിന്നീട് പരിശീലനം നടക്കുന്നതിനാൽ ഇപ്പോൾ പങ്കെടുക്കേണ്ടതില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41462/state-teachers-vacation-training-class-were-begin)