---
title: "വാടകഗര്‍ഭധാരണത്തിലൂടെ  പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവെച്ച്‌  പ്രിയങ്ക ചോപ്ര "
english_title: "Priyanka Chopra shares first photo of baby born through surrogacy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41638/priyanka-chopra-shares-first-photo-of-baby-born-through-surrogacy"
published_at: "2022-05-09T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278b802a9742_Screenshot_20220509-115532.png"
keywords: []
---

# വാടകഗര്‍ഭധാരണത്തിലൂടെ  പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവെച്ച്‌  പ്രിയങ്ക ചോപ്ര 

> **Lead Summary:** വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവച്ച് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തോളം കുഞ്ഞുങ്ങളുടെ ഐസിയുവില്‍ തുടര്‍ന്ന ശേഷമാണ് ഇപ്പോള്‍ കുഞ്ഞിന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് തിരിക്കാന്‍ സാധിച്ചിരിക്കുന്നത്.

## Article Content

വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവച്ച് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തോളം കുഞ്ഞുങ്ങളുടെ ഐസിയുവില്‍ തുടര്‍ന്ന ശേഷമാണ് ഇപ്പോള്‍ കുഞ്ഞിന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് തിരിക്കാന്‍ സാധിച്ചിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രിയങ്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം നിക്ക് ജൊനാസുമുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം മാത്രം അവ്യക്തമാക്കിയിട്ടുണ്ട്. ഫോട്ടോയ്‌ക്കൊപ്പം വലിയൊരു കുറിപ്പും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ആശുപത്രി അനുഭവ്‌തെ കുറിച്ചാണ് പ്രധാനമായും കുറിപ്പിലുള്ളത്.

'നൂറിലധികം ദിവസങ്ങളുടെ ഐസിയു വാസത്തിന് ശേഷം ഒടുവില്‍ ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയിരിക്കുകയാണ്. ഏതൊരു കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സവിശേഷമായതാണ്.  മുന്നോട്ടുപോക്കിന് ഒരളവ് വരെയുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങളുടേതാണെങ്കില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇത്...' പ്രിയങ്ക കുറിച്ചിരിക്കുന്നു.

ജനുവരിയിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ മാതാപിതാക്കളായി എന്ന വിവരം പ്രിയങ്കയും നിക്കും അറിയിച്ചത്. പിന്നീട് ഈ വാര്‍ത്ത വിവാദങ്ങളിലേക്കും വഴിമാറി. വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിനോട് എന്ത് അടുപ്പമാണ് തോന്നുകയെന്ന് പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്രീന്‍ വരെ വിമര്‍ശിച്ചു. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം പ്രിയങ്ക നേരിട്ടു. പ്രിയങ്കയുടെ കുടുംബവും കൂട്ടുകൊരുമെല്ലാം അവര്‍ക്കൊപ്പം തന്നെയാണ് ഈ ഘട്ടത്തില്‍ നിന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41638/priyanka-chopra-shares-first-photo-of-baby-born-through-surrogacy)