---
title: "തൃശ്ശൂര്‍ പൂരലഹരിയിലേയ്ക്ക്: തെക്കേഗോപുരനട തുറന്നു"
english_title: "To Thrissur Pooram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41675/to-thrissur-pooram"
published_at: "2022-05-09T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278db9c0361a_Picsart_22-05-09_14-44-36-107.jpg"
keywords: []
---

# തൃശ്ശൂര്‍ പൂരലഹരിയിലേയ്ക്ക്: തെക്കേഗോപുരനട തുറന്നു

> **Lead Summary:** തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരലഹരിയിലേയ്ക്ക്. പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരനട തുറന്നു.

## Article Content

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരലഹരിയിലേയ്ക്ക്. പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരനട തുറന്നു.

പുറത്ത് കാത്ത് നിന്ന പൂരാസ്വാദകരുടെ ആരവങ്ങളും പുഷ്പവൃഷ്ടിയിലും തുമ്പി കൈ ഉയർത്തി ശിവകുമാർ അഭിവാദ്യം ചെയ്തു. ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കി പൂര വിളംബരം നടത്തി.നാളെയാണ് പൂരങ്ങളുടെ പൂരം.

രാവിലെ എട്ടോടെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും മേളത്തിന്റെ അകമ്പടിയോടെയാണ് നെയ്തലക്കാവിലമ്മ പുറപ്പെട്ടത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എല്‍.എ അടക്കമുള്ളവർ എഴുന്നെള്ളത്തിനെ അനുഗമിച്ചിരുന്നു. പത്തരയോടെ വടക്കുന്നാഥ ക്ഷേത്ര മെെതാനത്ത് എത്തിയ ശിവകുമാറിനെ കാത്ത് ആരാധകർ തെക്കേ ഗോപുര നടയിലും പടിഞ്ഞാറേ നടയിലും മണികണ്ഠനാലിലും ഉണ്ടായിരുന്നു.

പടിഞ്ഞാറെ ഗോപുരം കടന്ന് വടക്കും നാഥനെ വണങ്ങി പൂരമറിയിച്ചു. പിന്നീട് തെക്കേഗോപുര വാതിൽ പൂരത്തിനായി തുറന്നിട്ട് നിലപാടുതറയിലേയ്ക്കു നീങ്ങി പുരവിളംബര നടത്തി.മന്ത്രി സജി ചെറിയാനും തെക്കേ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഇന്നലെ രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ആരംഭിച്ച ചമയപ്രദർശനം ഇന്നും തുടരുന്നുണ്ട്. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തുന്നത്. പൂരപ്പിറ്റേന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനുളള ഒരുക്കങ്ങളും തുടരുകയാണ്.

നൂറ്റാണ്ട് പിന്നിട്ടിട്ടും ചിട്ടതെറ്റാത്ത ഓരോ പൂരവും അവിസ്മരണീയവും പുതുമയേറിയ അനുഭവങ്ങളുമാണ് പൂരപ്രേമികൾക്ക് സമ്മാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41675/to-thrissur-pooram)