---
title: "കണ്ണൂർ ജില്ലയിൽ ഞായറാഴ്ച മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു; പരാതിവിളികൾ ഏറുന്നു "
english_title: "Three hotels closed in Kannur district on Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41681/three-hotels-closed-in-kannur-district-on-sunday"
published_at: "2022-05-09T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278e1144616d_Picsart_22-05-09_15-07-57-682.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ഞായറാഴ്ച മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു; പരാതിവിളികൾ ഏറുന്നു 

> **Lead Summary:** കണ്ണൂർ: ഭക്ഷ്യസുരക്ഷാവിഭാഗം ഞായറാഴ്ച മൂന്ന്‌ ഹോട്ടലുകൾ പൂട്ടിച്ചു. പരിശോധനാവേളയിൽ ലൈസൻസ് കാണിക്കാൻ കഴിയാത്ത സ്ഥാപനത്തിന് തിങ്കളാഴ്ച കടതുറക്കുംമുൻപ്‌ ലൈസൻസ് ഹാജരാക്കാൻ നിർദേശിച്ചു.

## Article Content

കണ്ണൂർ: ഭക്ഷ്യസുരക്ഷാവിഭാഗം ഞായറാഴ്ച മൂന്ന്‌ ഹോട്ടലുകൾ പൂട്ടിച്ചു. പരിശോധനാവേളയിൽ ലൈസൻസ് കാണിക്കാൻ കഴിയാത്ത സ്ഥാപനത്തിന് തിങ്കളാഴ്ച കടതുറക്കുംമുൻപ്‌ ലൈസൻസ് ഹാജരാക്കാൻ നിർദേശിച്ചു.

പെരിങ്ങത്തൂരിലെ ഫിൽഫിൽ, ലൈവ് കാറ്ററിങ് ഹോട്ടലുകളാണ് പൂട്ടിച്ചത്. ഇവ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. പെരിങ്ങത്തൂരിലെ എ.എഫ്.സി. സ്ഥാപനത്തിൽ പരിശോധിക്കുന്ന വേളയിൽ ലൈസൻസ് ഹാജരാക്കാൻ കഴിഞ്ഞില്ല.

മുംബൈയിലാണെന്നും ഉടൻ ലൈസൻസ് ഹാജരാക്കുമെന്നും ഉടമ അറിയിച്ചതിനാൽ ഹാജരാക്കാൻ ഉദ്യോഗസ്ഥർ സമയം നൽകി. ലൈസൻസില്ലാതെ പ്രവർത്തിച്ച മുണ്ടയാട് ബെസ്റ്റ് ബോംബെ ഹോട്ടൽ പൂട്ടിച്ചു.

പരാതി കിട്ടിയതിനെത്തുടർന്നാണ് ഇവിടെ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച 16 ഹോട്ടലുകളാണ് പരിശോധിച്ചത്. ഏഴെണ്ണത്തിന് നോട്ടീസ് നൽകി. കണ്ണൂർ ജില്ലയിൽ മീൻ പരിശോധനയും നടത്തി. സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

ജില്ലയിൽ ഇതുവരെ 21 ഹോട്ടലുകൾ പൂട്ടിച്ചു. കണ്ണൂർ ജില്ലയിൽ പരിശോധന തുടരുന്നതിനിടയിൽ ഹോട്ടലുകളുടെ മോശം അവസ്ഥയെക്കുറിച്ച് നിരവധി പരാതികളാണ് കിട്ടുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

കഴിഞ്ഞദിവസം തലശ്ശേരി എൻ.ടി.ടി.എഫ്. കാന്റീനിൽ പരിശോധന നടത്തിയത് പരാതിയെത്തുടർന്നായിരുന്നു. നോട്ടീസ് നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41681/three-hotels-closed-in-kannur-district-on-sunday)