---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ ഇന്ന് നീരെഴുന്നള്ളത്ത്"
english_title: "Kottiyoor Vaishakha Mahotsavam update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41777/kottiyoor-vaishakha-mahotsavam-update"
published_at: "2022-05-10T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279cc30db1ad_images (12).jpeg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ ഇന്ന് നീരെഴുന്നള്ളത്ത്

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ ഇന്ന് നീരെഴുന്നള്ളത്ത്. ഉത്സവത്തിനു മുൻപുള്ള ആചാരങ്ങളുടെ ഭാഗമായി അടിയന്തിര യോഗക്കാരും ആചാര്യൻമാരും സ്ഥാനികരും അക്കരെ സന്നിധാനത്തിൽ പ്രവേശിക്കുന്ന ആദ്യ ചടങ്ങാണ് നീരെഴുന്നള്ളത്ത്.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ ഇന്ന് നീരെഴുന്നള്ളത്ത്. ഉത്സവത്തിനു മുൻപുള്ള ആചാരങ്ങളുടെ ഭാഗമായി അടിയന്തിര യോഗക്കാരും ആചാര്യൻമാരും സ്ഥാനികരും അക്കരെ സന്നിധാനത്തിൽ പ്രവേശിക്കുന്ന ആദ്യ ചടങ്ങാണ് നീരെഴുന്നള്ളത്ത്.

രാവിലെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണു ചടങ്ങുകളുടെ  ആരംഭം. കോട്ടയം തിരൂർ കുന്നിൽ നിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കു തിരി സംഘം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേർന്ന ശേഷം ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നിവർ ചേർന്ന് ക്ഷേത നടയിലും ഇക്കരെ അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നട ആയ മന്ദംചേരിയിലും തണ്ണീർകുടി ചടങ്ങ് നടത്തും.

ഉച്ചയ്ക്ക് ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ ഊരാളൻമാരും അടിയന്തിര യോഗക്കാരും ഇക്കരെ സന്നിധാനത്തിൽ നിന്നു നീരെഴുന്നള്ളത്തിനു പുറപ്പെടും. ഇവർ പ്രത്യേക വഴിയിലൂടെ  നടന്ന് മന്ദംചേരി ഉരുളിക്കുളത്തിൽ എത്തും.

അവിടെ നിന്ന് കൂവയില പറിച്ചെടുത്ത് ബാവലി പുഴയിൽ എത്തിച്ചേരും. എല്ലാവരും സ്നാനം ചെയ്ത ശേഷം സമുദായിയും ജന്മശാന്തിയും ബാവലി പുഴയിൽ നിന്ന് കൂവയിലയിൽ തീർഥ ജലം ശേഖരിച്ച് ഓടക്കാടിന് ഇടയിലൂടെ കർക്കിടക കണ്ടി വഴി നടന്ന് അക്കരെ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന മണിറയിൽ പ്രവേശിക്കും. അവിടെ ഒറ്റപ്പിലാൻ, ജന്മാശാരി, പുറങ്കലയൻ എന്നിവരുടെ സാന്നിധ്യത്തിൽ ജന്മശാന്തി നീരഭിഷേകം നടത്തും. സ്ഥാനികർ,അടിയന്തിര യോഗക്കാർ, അവകാശികൾ എന്നിവർക്ക് പ്രസാദം നൽകി മടങ്ങും. രാത്രി ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ള ആയില്യാർ കാവിൽ പ്രത്യേക പൂജയും അപ്പട നിവേദ്യവും നടത്തു൦. 

നീരെഴുന്നള്ളത്തിന്  അടിയന്തിര യോഗക്കാരും സ്ഥാനികരും മാത്രമാണ് അക്കരെ പ്രവേശിക്കു ന്നത്. ഉത്സവം 15ന് നെയ്യാട്ടത്തോടെ ആരംഭിക്കും. 16ന് രാത്രി മണത്തണയിൽ നിന്നു നടത്തുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ച ശേഷ൦ നിത്യപൂജകളും ദർശനവും ആരംഭിക്കുക. സ്ത്രീകൾക്കും ഭണ്ഡാരം എഴുന്നള്ളത്തിനു ശേഷം ദർശനം നടത്താം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41777/kottiyoor-vaishakha-mahotsavam-update)