---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം : നീരെഴുന്നള്ളത്ത് ചടങ്ങ് നടന്നു"
english_title: "Kottiyoor Vaishakha Mahotsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41906/kottiyoor-vaishakha-mahotsavam"
published_at: "2022-05-10T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a52407d338_Picsart_22-05-10_17-23-06-788.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം : നീരെഴുന്നള്ളത്ത് ചടങ്ങ് നടന്നു

> **Lead Summary:** കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ സന്നിധാനത്ത് നീരെഴുന്നള്ളത്ത് ചടങ്ങുകൾ നടന്നു. പതിനൊന്നു മാസത്തെ തികഞ്ഞ നിശബ്ദതയ്ക്ക് ശേഷം സ്ഥാനികരും അവകാശികളും അക്കരെ കൊട്ടിയൂർ സന്നിധാനത്ത് പ്രവേശിക്കുന്നത് നീരെഴുന്നള്ളത് നടക്കുന്ന ദിവസമാണ്.

## Article Content

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ സന്നിധാനത്ത് നീരെഴുന്നള്ളത്ത് ചടങ്ങുകൾ നടന്നു. പതിനൊന്നു മാസത്തെ തികഞ്ഞ നിശബ്ദതയ്ക്ക് ശേഷം സ്ഥാനികരും അവകാശികളും അക്കരെ കൊട്ടിയൂർ സന്നിധാനത്ത് പ്രവേശിക്കുന്നത് നീരെഴുന്നള്ളത് നടക്കുന്ന ദിവസമാണ്.

നൂറ്റാണ്ടുകൾക്കു മുൻപ് കാടിന്റെ നടുവിൽ കുറിച്യൻ സ്വയംഭൂ ശില കണ്ടെത്തിയതിന്റെ സ്മരണ പുതുക്കുന്ന രീതിയിലാണ് നീരെഴുന്നള്ളത് നാളിലെ ചടങ്ങുകൾ നടക്കുന്നത്. രാവിലെ ഇക്കരെ ക്ഷേത്രത്തിൽ നടക്കുന്ന തണ്ണീർകുടി ചടങ്ങിന് ശേഷം സമുദായി സ്ഥാനീകന്റെ നേതൃത്വത്തിൽ പടിഞ്ഞിറ്റ നമ്പൂതിരിയും, ഊരാളന്മാരും മറ്റു അവകാശികളും അക്കരെ സന്നിധാനത്തേക്ക് പുറപ്പെട്ടു.

ആചാര പ്രകാരം പ്രത്യേക വഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരിയിൽ എത്തിയ സംഘം തുടർന്ന് മന്ദം ചേരിയിലെ ഒരു സ്ഥലത്തുനിന്ന് കൂവ ഇലകൾ പറിച്ചെടുത്തു. പടിഞ്ഞിറ്റ നമ്പൂതിരിയും, സമുദായിയും ഈ കൂവ ഇലകളിലാണ് മണിത്തറയിൽ അഭിഷേകം ചെയ്യുവാനുള്ള തെളിനീര് ശേഖരിക്കേണ്ടത്.

തുടർന്ന് ബാവലി പുഴയിൽ മുങ്ങി കുളിച്ച ശേഷം ആചാര പ്രകാരം കുറിച്ച്യ സ്ഥാനികനോട് അക്കരെ പ്രവേശിക്കാനുള്ള അനുവാദവും വാങ്ങി സംഘം അക്കരെ പ്രവേശിച്ചു. കൂവ ഇലകളിൽ ശേഖരിക്കുന്ന ബാവലിയിലെ തെളിനീരുമായി പടിഞ്ഞിറ്റയും സംഘവും അക്കരെ സന്നിധാനത്ത് എത്തുന്നതിന് മുന്നേ തന്നെ ഒറ്റപ്പിലാനും സംഘവും തിരുവഞ്ചിറയിലെ പ്രത്യേക സ്ഥാനത്തുനിന്നും ശേഖരിച്ച തെളിനീര് മണിത്തറയിൽ അഭിഷേകം ചെയ്യ്തിരുന്നു.

പടിഞ്ഞിറ്റയും സ്ഥാനീകരും മണിത്തറയ്ക്കരികിലെത്തിയതോടെ ഒറ്റപ്പിലാനും സംഘവും മണിത്തറയ്ക്കരികിൽ നിന്നും പിൻവാങ്ങി. തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരി കൂവ ഇലകളിൽ ശേഖരിച്ച ബാവലി തീർത്ഥം മണിത്തറയിൽ അഭിഷേകം ചെയതു.

സ്ഥാനീകർക്കും അവകാശികൾക്കും മണിത്തറയിലെ അഷ്ടബന്ധം പ്രസാദമായി നൽകി. കഴിഞ്ഞ വർഷത്തെ വൈശാഖമഹോത്സവശേഷം തിടപ്പള്ളിയിൽ അവശേഷിക്കുന്ന ചാരം പ്രസാദമായി ശേഖരിച്ച് സ്ഥാനീകരും അവകാശികളും അക്കരെ സന്നിധാനത്തുനിന്നും പിൻവാങ്ങി.

15 നാണ് നെയ്യാട്ടം. മണിത്തറയിൽ സ്വയംഭൂ ശില സ്ഥിതി ചെയുന്ന 'നാളം' തുറന്ന് ആദ്യം നടക്കുന്ന കർമ്മം നെയ്യാട്ടമാണ്. നെയ്യാട്ടത്തിനു മുന്നോടിയായി ഇനി തിരുവഞ്ചിറയും കയ്യാലകളും വൃത്തിയാക്കി അക്കരെ സന്നിധാനം വൈശാഖ മഹോത്സവത്തിന് തയ്യാറെടുക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41906/kottiyoor-vaishakha-mahotsavam)