---
title: "മലയോര ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്‌ന പരിഹാരം തേടി മലയോര ഗ്രാമസഭ  ഇന്ന് ചേരും"
english_title: "Malayora Gram Sabha today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42442/malayora-gram-sabha-today"
published_at: "2022-05-13T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627db86baa908_images (2).jpeg"
keywords: []
---

# മലയോര ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്‌ന പരിഹാരം തേടി മലയോര ഗ്രാമസഭ  ഇന്ന് ചേരും

> **Lead Summary:** **കണ്ണൂര്‍** : ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്‌ന പരിഹാരം തേടി മലയോര ഗ്രാമസഭ ചേരും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ക്കുന്ന ഗ്രാമസഭ മെയ് 13 വെള്ളി രാവിലെ 10.30 ന് പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂര്‍** : ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്‌ന പരിഹാരം തേടി മലയോര ഗ്രാമസഭ ചേരും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ക്കുന്ന ഗ്രാമസഭ മെയ് 13 വെള്ളി രാവിലെ 10.30 ന് പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനം ചെയ്യും.

മലയോര പ്രദേശങ്ങളിലെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി പ്രസ്തുത മേഖലയിലെ വികസന വിടവ് പരിഹരിക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനുള്ള വികസന കാഴ്ചപ്പാട് വിശദീകരിക്കാനും പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നതിനുമാണ് മലയോര ഗ്രാമസഭ ചേരുന്നത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതിരിക്കുക. ഉല്‍പന്നങ്ങളുടെ വിപണനവും സംഭരണവും, കൃഷിഭൂമിയുടെ തുണ്ടുവല്‍കരണം, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സ്വത്തിനും ജീവനുമുള്ള ഭീഷണികള്‍, പ്രകൃതി ദുരന്തങ്ങള്‍, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ തുടങ്ങി മലയോര മേഖല അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ മലയോര ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യും.

പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും ചെറുപുഴ , ചെങ്ങളായി ചപ്പാരപ്പടവ്, നടുവില്‍ , ഉദയഗിരി, ആലക്കോട്, എരുവേശ്ശി, പയ്യാവൂര്‍ പടിയൂര്‍, ഉളിക്കല്‍, ആറളം, അയ്യന്‍കുന്ന് പായം, കണിച്ചാര്‍, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെയും മുഴുവന്‍ ജനപ്രതിനിധികള്‍, എംഎല്‍എമാര്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42442/malayora-gram-sabha-today)