---
title: "രൂക്ഷമായി കാട്ടാന ശല്യം - കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാനയെക്കണ്ട് ഭയന്നോടി വീണ് രണ്ട്‌പേർക്ക് പരിക്ക്"
english_title: "Severe wild annoyance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42508/severe-wild-annoyance"
published_at: "2022-05-13T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e01a77a99d_Picsart_22-05-13_12-27-46-081.jpg"
keywords: []
---

# രൂക്ഷമായി കാട്ടാന ശല്യം - കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാനയെക്കണ്ട് ഭയന്നോടി വീണ് രണ്ട്‌പേർക്ക് പരിക്ക്

> **Lead Summary:** ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാനകൂട്ടത്തെ കണ്ട് ഓടി രക്ഷപെടുന്നതിനിടയിൽ വീണ് രണ്ടു പേർക്ക് പരുക്കേറ്റു. ഇല്ലിക്കകുന്നേൽ മാത്യു, പല്ലാട്ടുകുന്നേൽ ബിജു എന്നിവർക്കാണ് പരുക്കേറ്റത്.

## Article Content

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാനകൂട്ടത്തെ കണ്ട് ഓടി രക്ഷപെടുന്നതിനിടയിൽ വീണ് രണ്ടു പേർക്ക് പരുക്കേറ്റു. ഇല്ലിക്കകുന്നേൽ മാത്യു, പല്ലാട്ടുകുന്നേൽ ബിജു എന്നിവർക്കാണ് പരുക്കേറ്റത്.

മേഖലയിൽ നിരവധി പേരുടെ തെങ്ങ്, വാഴ, കശുമാവ് തുടങ്ങിയ വിളകളും ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. പ്രദേശത്തെ ഇല്ലിക്കകുന്നേൽ ജോഷി, സിനു, പല്ലാട്ടുകുന്നേൽ ബിജു, സാബു, ജോബി, ജോയി, കുറ്റിയാനിക്കൽ സജി, നടുവത്ത് സുബ്രഹ്മണ്യൻ എന്നിവരുടെ ഏക്കർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾക്കാണ് ആനക്കൂട്ടം വൻ നാശം വകുത്തിയത്.

കേരള-കർണാടക വനമേഖലകൾ അതിരിടുന്ന പ്രദേശങ്ങളിലാണ് കാട്ടാനകൾ നിരന്തരം ഭീഷണി സൃഷ്ടിക്കുന്നത്. മുടിക്കയം, കച്ചേരിക്കടവ്, പാലത്തിൻകടവ്, പാറക്കാമല പ്രദേശങ്ങളിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്.

കാട്ടാനകളെ പ്രതിരോധിക്കുന്നതിനായുള്ള സംവിധാനങ്ങളൊന്നും ഇവിടങ്ങളിലില്ല. ഇരു വനമേഖലകളിൽ നിന്നും കൂട്ടങ്ങളായാണ് ആനകൾ കൃഷിയിടത്തിൽ എത്തുന്നത്. പകൽ സമയങ്ങളിൽ പോലും ഇവ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിക്കുകയാണ്.

കഴിഞ്ഞ ദിവസം പതിനഞ്ചോളം വരുന്ന കാട്ടാനകൂട്ടമാണ് മുടിക്കയത്ത് എത്തിയത്. കാട്ടാന ശല്യം മേഖലയിലെ കർഷകരെ ആകെ ആശങ്കയിലാക്കിയിരിക്കയാണ്. വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്തും മറ്റുമാണ് കർഷകർ കൃഷി നടത്തുന്നത്.

ആനശല്യം മൂലം വിളകൾക്ക് കനത്ത നാശം തുടർക്കഥയായതിനാൽ വായ്പ അടവുകൾ ഉൾപ്പെടെ മുടങ്ങികിടക്കുന്ന അവസ്ഥയാണ്. പ്രതിരോധ മാർഗ്ഗങ്ങൾ തീർക്കുന്നതിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42508/severe-wild-annoyance)