---
title: "നിലമ്പൂർ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക ആസൂത്രണങ്ങൾ ഡിജിറ്റലായി ലാപ്‌ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം"
english_title: "Assassination plans of Nilambur traditional healer Shaba Sharif"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42557/assassination-plans-of-nilambur-traditional-healer-shaba-sharif"
published_at: "2022-05-13T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e38433fb10_Picsart_22-05-13_16-13-48-309.jpg"
keywords: []
---

# നിലമ്പൂർ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക ആസൂത്രണങ്ങൾ ഡിജിറ്റലായി ലാപ്‌ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം

> **Lead Summary:** നിലമ്പൂർ: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക ആസൂത്രണങ്ങൾ ഡിജിറ്റലായി ലാപ്‌ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം. കൊലപാതകം നേരിട്ട് ചിത്രീകരിച്ച ദൃശ്യങ്ങൾക്കൊപ്പം കൊലപാതകം ആസൂത്രണംചെയ്തതിന്റെ വാട്സാപ് സന്ദേശങ്ങളും ലാപ്‌ടോപ്പിലുണ്ടെന്ന്‌ പൊലീസിന് വിവരം ലഭിച്ചു.

## Article Content

നിലമ്പൂർ: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക ആസൂത്രണങ്ങൾ ഡിജിറ്റലായി ലാപ്‌ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം. കൊലപാതകം നേരിട്ട് ചിത്രീകരിച്ച ദൃശ്യങ്ങൾക്കൊപ്പം കൊലപാതകം ആസൂത്രണംചെയ്തതിന്റെ വാട്സാപ് സന്ദേശങ്ങളും ലാപ്‌ടോപ്പിലുണ്ടെന്ന്‌ പൊലീസിന് വിവരം ലഭിച്ചു.

കഴിഞ്ഞമാസം കേസിലെ മുഖ്യപ്രതി മുക്കട്ടയിലെ ഷൈബിൻ അഷറഫിന്റെ വീട്ടിൽ കയറിയ സംഘം ലാപ്‌ടോപ്പും ഡിജിറ്റൽ ഉപകരണങ്ങളുമാണ് പ്രധാനമായും കവർന്നത്. ഷൈബിൻ അഷറഫ് നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയിലും ലാപ്‌ടോപ്പ് നഷ്ടപ്പെട്ട കാര്യം സൂചിപ്പിക്കുന്നുണ്ട്‌.

പ്രതികളിലൊരാളായ നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ലാപ്‌ടോപ്പിൽനിന്ന്‌ നീക്കംചെയ്‌ത ഡിലീറ്റഡ് വീഡിയോ ദൃശ്യങ്ങളും ഓഡിയോകളും തിരിച്ചെടുക്കാൻ പൊലീസ് നടപടി തുടങ്ങി.

മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ ഭാര്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഷൈബിന്റെ വിദേശ ഇടപാടുകളെക്കുറിച്ച് ഭാര്യയുടെ മൊഴിയിൽനിന്ന്‌ കൂടുതൽ തെളിവ്‌ ലഭിച്ചു. ഷൈബിന്റെ ആഡംബര ജീവിതം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നു.

വിദേശത്തുള്ള വ്യാപാരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. പത്തുവർഷംകൊണ്ട് മുന്നൂറ്‌ കോടിയിലധികം രൂപയുടെ ആസ്തിയാണ് ഷൈബിനുള്ളത്‌. നിലമ്പൂർ മുക്കട്ടയിലെ വീട് രണ്ട്‌ കോടിക്കാണ് വാങ്ങിയത്.

ബത്തേരിയിലും രണ്ട്‌ വീടുകളും താമരശേരി ഈങ്ങാപ്പുഴയിൽ ബിസിനസ് പ്രോജക്ടുമുണ്ട്‌. ഷാബാ ഷെരീഫ്‌ കൊലക്കേസിലെ പ്രതി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അന്വേഷക സംഘം മഞ്ചേരി കോടതിയിൽ ഹാജാരാക്കി അഞ്ച്‌ ദിവസത്തേക്ക്‌ കസ്റ്റഡിയിൽ വാങ്ങി. വെള്ളിയാഴ്ച പ്രതിയുമായി തെളിവെടുപ്പ് നടത്തും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42557/assassination-plans-of-nilambur-traditional-healer-shaba-sharif)