---
title: "സാമൂഹിക സേവനരംഗത്ത് സജീവമായി ഇസ്രായേലിലെ പ്രവാസി യുവജനകൂട്ടായ്മ "
english_title: "Expatriate youth group in Israel active in community service"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42732/expatriate-youth-group-in-israel-active-in-community-service"
published_at: "2022-05-14T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f6c60338c6_Picsart_22-05-14_14-15-15-746.jpg"
keywords: []
---

# സാമൂഹിക സേവനരംഗത്ത് സജീവമായി ഇസ്രായേലിലെ പ്രവാസി യുവജനകൂട്ടായ്മ 

> **Lead Summary:** ശ്രീകണ്ഠപുരം : കണ്ണൂർ ജില്ലയിലെ സാമൂഹിക സേവനരംഗത്ത് സജീവമായ ഇടപെടലുമായി ഇസ്രായേലിലെ പ്രവാസി യുവജന കൂട്ടായ്മ. 'വോയ്‌സ് ഓഫ് കണ്ണൂർ ഇൻ ഇസ്രായേൽ' എന്ന പേരിൽ പാലസ്‌തീൻ യുദ്ധസമയത്ത് രൂപപ്പെട്ട കൂട്ടായ്മ മാതൃരാജ്യത്തും വിദേശത്തും മാതൃകാപരമായ പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.

## Article Content

ശ്രീകണ്ഠപുരം : കണ്ണൂർ ജില്ലയിലെ സാമൂഹിക സേവനരംഗത്ത് സജീവമായ ഇടപെടലുമായി ഇസ്രായേലിലെ പ്രവാസി യുവജന കൂട്ടായ്മ. 'വോയ്‌സ് ഓഫ് കണ്ണൂർ ഇൻ ഇസ്രായേൽ' എന്ന പേരിൽ പാലസ്‌തീൻ യുദ്ധസമയത്ത് രൂപപ്പെട്ട കൂട്ടായ്മ മാതൃരാജ്യത്തും വിദേശത്തും മാതൃകാപരമായ പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.

സംഘടനയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കർമ്മപരിപാടികളുടെ ഔദ്യോഗിക ഉദ്‌ഘാടനം കണ്ണൂർ എം പി ശ്രീ. കെ സുധാകരൻ ഓൺലൈനായി നിർവ്വഹിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന് വേണ്ടി സൈനിക സേവനം ചെയ്യുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങളെ ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് എം എൽ എ ശ്രീകണ്ഠപുരത്ത്‌ നടന്ന ചടങ്ങിൽ വെച്ച് ഉപഹാരം നല്കി ആദരിച്ചു.

നാടിന്റെ നന്മയുടെ വക്താക്കളായി ലോകരാജ്യങ്ങളിൽ വ്യാപരിക്കുന്ന നൂറു കണക്കിന് ചെറുപ്പക്കാരുടെ നാടിനോടുള്ള കരുതലും സ്നേഹവും വിലമതിക്കാനാവാത്തതാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തിന്റെ അഭിമാനമായ സൈനികരെ ആദരിക്കാനുള്ള തീരുമാനം രാജ്യസ്നേഹം ഊട്ടി ഉറപ്പിക്കാൻ പ്രവാസികളെ സഹായിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതോടൊപ്പം അംഗങ്ങളുടെ നാട്ടിലെ വീടുകളിൽ കൂട്ടായ്മയുടെ ലോഗോ ആലേഖനം ചെയ്ത ഉപഹാരങ്ങൾ എത്തിച്ചുകൊണ്ടും വിവിധ അഗതിമന്ദിരങ്ങളിൽ സാധനസാമഗ്രികളും ചികിത്സാ സഹായങ്ങളും എത്തിച്ചുകൊണ്ടും വാർഷികാഘോഷം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

മെയ്‌ 15 ന് നടക്കുന്ന വാർഷികാഘോഷങ്ങളിൽ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി ആളുകൾ സംബന്ധിക്കും. ജനപ്രതിനിധികളെ കൂടാതെ മോളിവുഡ് സിംഗർ ശ്രീമതി. ചിത്ര അരുൺ അടക്കമുള്ള കലാരംഗത്തെ പ്രമുഖരും അതിഥികളായെത്തും. അംഗങ്ങളുടെ കലാസന്ധ്യയും അരങ്ങേറും.ശ്രീ.പ്രവീൺ തോമസ്, ശ്രീ.ദേവസ്യ ടി പി, ശ്രീമതി.ജിൽസ ജോസ്, ശ്രീമതി.ജിഷ ഷിന്റോ എന്നിവർ ചടങ്ങിൽ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42732/expatriate-youth-group-in-israel-active-in-community-service)