ഐ ലീഗ് കിരീടം കേരളത്തില്‍ തന്നെ നില്ക്കും. ഐ ലീഗില്‍ അവസാന ദിവസം മൊഹമ്മദന്സിനെ തടഞ്ഞു കൊണ്ടാണ് ഗോകുലം കേരള കിരീടം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗോകുലം കേരള ഇന്ന് മൊഹമ്മദന്സിനെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായി ഗോകുലം കേരള ഇതോടെ മാറി.
ഇന്ന് മൊഹമ്മദന്‍സ് ആരാധകരാല്‍ നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ കളിക്കുക ഗോകുലം കേരളക്ക് എളുപ്പമായിരുന്നു. പതിയെ തുടങ്ങിയ ഗോകുലം പരാജയം ഒഴിവാക്കാന്‍ ആണ് തുടക്കം മുതല്‍ ശ്രമിച്ചത്. പ്രതിരോധത്തില്‍ ഊന്നി കളിച്ച കേരളം മൊഹമ്മദന്സിന് കൂടുതല്‍ അവസരങ്ങള്‍ നല്കി. ഗോകിലത്തിന് ആദ്യ നല്ല അവസരം വരുന്നത് 42ആം മിനുട്ടിലാണ്. ഗോള്‍ ലൈനില്‍ നിന്ന് ഏറെ കയറി വന്ന മൊഹമ്മദന്‍സ് കീപ്പറിനു മുകളിലൂടെ ഫ്ലച്ചര്‍ പന്ത് ഗോള്‍ ലക്ഷ്യമാക്കി തൊടുത്തു എങ്കിലും പന്ത് പുറത്തേക്ക് പോയി. ഗോകുലത്തിന് കിരീടം തന്നെ ഉറപ്പിച്ച് കൊടുത്തേക്കാവുന്ന അവസരമായിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാനം പരിക്ക് കാരണം റൊണാള്‍ഡോ ഫ്ലചറിനെ ഗോകുലത്തിന് നഷ്ടമായത് വലിയ തിരിച്ചടി ആയി. ആദ്യ പകുതി ഗോള്‍ രഹിതമായി തന്നെ അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഗോകുലം കൂടുതല്‍ ആക്രമിച്ചു കളിക്കുന്നത് കാണാന്‍ ആയി. 50ആം മിനുട്ടില്‍ ഈ ആക്രമണം ഗോളായി മാറി. ഒരു കൗണ്ടറില്‍ റിഷാദിനെ ഗോകുലം കണ്ടെത്തി. പന്തുമായി കുതിച്ച റിഷാദ് ഒരു ഗ്രൗണ്ടറിലൂടെ മൊഹമ്മദന്സിന്റെ വലയില്‍ പന്ത് എത്തിച്ചു. 1-0ന്റെ ലീഡ്. ഗോകുലം കിരീടത്തിലേക്ക് അടുത്ത നിമിഷം. പക്ഷെ മുന്‍ ഗോകുലം താരം മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്റെ വില്ലനായി. 56ആം മിനുട്ടില്‍ ഒരു ഫ്രീകിക്കിലൂടെ മൊഹമ്മദന്സിന് സമനില നല്കി. വലിയ ഡിഫ്ലക്ഷനോടെ ആയിരുന്നു ആ ഫ്രീകിക്ക് വലയില്‍ എത്തിയത്. സ്കോര്‍ 1-1. അപ്പോഴും കിരീടം ഗോകുലത്തിന്റെ കയ്യില്‍ തന്നെ.
ഗോകുലം ഭയന്നു നിന്നില്ല. 60ആം മിനുട്ടില്‍ ഒരു കൗണ്ടര്‍ കൂടെ. ലൂകയുടെ പാസില്‍ നിന്ന് എമില്‍ ബെന്നിയിലേക്ക് പന്ത്. എമിലിന്റെ സ്ട്രൈക്ക് ഗോള്‍ വലയ്ക്ക് ഉള്ളില്‍. വീണ്ടും ഗോകുലം മുന്നില്‍. സ്കോര്‍ 2-1. ഈ ഗോളോടെ മൊഹമ്മദന്സിന്റെ പോരാട്ട വീര്യം ചോര്‍ന്നു. പിന്നെ മികച്ച രീതിയില്‍ ഡിഫന്‍ഡ് ചെയ്ത് കൊണ്ട് ഗോകുലം കേരള കിരീടം ഉറപ്പിച്ചു. ലീഗില്‍ 18 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 43 പോയിന്റുമായാണ് ഗോകുലം കിരീടം ഉറപ്പിച്ചത്. സീസണില്‍ ആകെ ഒരു മത്സരം മാത്രമേ ഗോകുലം പരാജയപ്പെട്ടിരുന്നുള്ളൂ. മൊഹമ്മദന്‍സ് 18 മത്സരങ്ങളില്‍ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. കഴിഞ്ഞ സീസണിലും അവസാന മത്സരത്തില്‍ ആയിരുന്നു ഗോകുലം കിരീടം ഉറപ്പിച്ചത്.
I league gokulam kerala