---
title: "''ചാനൽ മേധാവിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു'' - സ്വന്തമായി ഭൂമിയോ സ്വത്തോ ഇല്ല , മോന്‍സന്‍ തട്ടിയെടുത്ത പണം പരാതിക്കാര്‍ക്ക് തിരികെ ലഭിച്ചേക്കില്ല"
english_title: "monson Archaeological cheating case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4287/monson-archaeological-cheating-case"
published_at: "2021-10-09T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61615e8aac387_monson.jpg"
keywords: []
---

# ''ചാനൽ മേധാവിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു'' - സ്വന്തമായി ഭൂമിയോ സ്വത്തോ ഇല്ല , മോന്‍സന്‍ തട്ടിയെടുത്ത പണം പരാതിക്കാര്‍ക്ക് തിരികെ ലഭിച്ചേക്കില്ല

> **Lead Summary:** ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ തന്നെ കബിളിപ്പിച്ചെന്ന് മോന്‍സന്‍ മാവുങ്കല്‍. സംസ്‌കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നല്‍കി. സംസ്‌കാര ചാനലിന് 10 ലക്ഷം രൂപ മോന്‍സണ്‍ കൈമാറിയെന്ന കാര്യവും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബിനാമി ജോഷി വഴിയാണ് പണം കൈമാറിയത്. സംസ്‌കാര ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

## Article Content

ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ തന്നെ കബിളിപ്പിച്ചെന്ന് മോന്‍സന്‍ മാവുങ്കല്‍. സംസ്‌കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നല്‍കി. സംസ്‌കാര ചാനലിന് 10 ലക്ഷം രൂപ മോന്‍സണ്‍ കൈമാറിയെന്ന കാര്യവും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബിനാമി ജോഷി വഴിയാണ് പണം കൈമാറിയത്. സംസ്‌കാര ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

ക്രൈംബ്രാഞ്ച് യൂണിറ്റ് രണ്ട് കേസുകളാണ് മോന്‍സനിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. അതിലൊന്ന് സംസ്‌കാര ടി.വിയുമായി ബന്ധപ്പെട്ട കേസാണ്. സംസ്‌കാര ചാനലില്‍ 1.51 കോടി രൂപയുടെ ഓഹരികള്‍ തട്ടിയെടുത്ത കേസിലെ അന്വേണത്തില്‍ രണ്ടാം പ്രതിയാണ് മോന്‍സന്‍. ഒന്നാം പ്രതിയായ ഹരിപ്രസാദും മോന്‍സണും തമ്മിലുള്ള ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ തലസ്ഥാനത്തും സമാനമായ പുരാവസ്തു തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നും സംസ്‌കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചതും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായിരുന്നുവെന്നും മോണ്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇതിന്റെ ഭാഗമായി സംസ്‌കാര ചാനല്‍ കേസില്‍ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈല്‍ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ചാനലിന് 10 ലക്ഷം രൂപ കൈമാറിയത് ബിനാമി ജോഷി വഴിയാണെന്ന് മോന്‍സണ്‍ പറഞ്ഞു. അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ കൈവശം ഭൂമിയോ വസ്തുക്കളോയില്ല. പരാതിക്കാരില്‍ നിന്നും മോന്‍സന്‍ തട്ടിയെടുത്ത പണം തിരികെ ലഭിച്ചേക്കില്ല. മോന്‍സന്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ്. നിലവില്‍ ചേര്‍ത്തലയിലെ കുടുംബ സ്വത്ത് മാത്രാണ് മോന്‍സനുള്ളതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

മോന്‍സന്റെ പേരിലോ ബിനാമി പേരുകളിലോ സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി രജിസ്‌ട്രേഷന്‍ വകുപ്പിനും ബാങ്കുകള്‍ക്കും ക്രൈംബ്രാഞ്ച് കത്തുനല്‍കി. പാസ്‌പോര്‍ട് ഓഫീസിനും ക്രൈംബ്രാഞ്ച് കത്തു നല്‍കി. വ്യാജ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ വിദേശത്ത് പോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

തന്റെ പക്കലുണ്ടായിരുന്ന പണം മുഴുവന്‍ ആഢംബര ജീവിതത്തിനായി ഉപയോഗപ്പെടുത്തിയെന്നാണ് മോന്‍സന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.പണം വാങ്ങിയവര്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ പകരമായി ആഢംബര കാറുകളാണ് നല്‍കിയതെന്നും ഇയാള്‍ ക്രൈംബ്രാഞ്ച് മുമ്ബാകെ അറിയിച്ചത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് മോന്‍സണെ ചോദ്യം ചെയ്യുകയാണ്. ചാനല്‍ ചെയര്‍മാനെന്ന് വ്യാജമായി പ്രചരിപ്പിച്ച്‌ പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നത്. കേസില്‍ കഴിഞ്ഞ ദിവസമാണ് മോന്‍സണെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. മോന്‍സന്റെ ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതി ഇന്നലെ തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4287/monson-archaeological-cheating-case)