---
title: "കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എലിശല്യം രൂക്ഷം"
english_title: "Kuthiravattam Mental health center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/42872/kuthiravattam-mental-health-center"
published_at: "2022-05-15T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628096c1704cb_Screenshot_20220515_112807.jpg"
keywords: []
---

# കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എലിശല്യം രൂക്ഷം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എലിശല്യം രൂക്ഷം. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. വാര്‍ഡുകളിലും ഭക്ഷണം കഴിക്കുന്നിടത്തും എലി ശല്യം രൂക്ഷമാണെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു.

## Article Content

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എലിശല്യം രൂക്ഷം. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. വാര്‍ഡുകളിലും ഭക്ഷണം കഴിക്കുന്നിടത്തും എലി ശല്യം രൂക്ഷമാണെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു.

മഴ തുടങ്ങിയതോടെ വാര്‍ഡില്‍ ചോര്‍ച്ചയുമുണ്ട്. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു. ആശുപത്രി അധികൃതരോടും പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് കൂട്ടിരിപ്പുകാര്‍ ആരോപിച്ചു.

മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗികൾക്ക് മതിയായ ഭക്ഷണമില്ലെന്നും പരാതിയുണ്ട്.   കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പ് വരുത്തിയാൽ മാത്രമേ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്കും ദൗർഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു കെ ബൈജുനാഥിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്.  

ഫെബ്രുവരി ഒൻപതിന് വാർഡിലുണ്ടായ വഴക്കിൽ ഒരു അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഉത്തരവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/42872/kuthiravattam-mental-health-center)