---
title: "പഞ്ചായത്ത്തലത്തിൽ ഫുട്ബോൾ ലീഗ് , കായിക മേഖലയിൽ സമഗ്രമായ മാറ്റം - മന്ത്രി വി അബ്ദുറഹ്മാൻ"
english_title: "Football League Panchayat level  sprots minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4288/football-league-panchayat-level-sprots-minister"
published_at: "2021-10-09T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61615fec9a448_v abdurahman.jpg"
keywords: []
---

# പഞ്ചായത്ത്തലത്തിൽ ഫുട്ബോൾ ലീഗ് , കായിക മേഖലയിൽ സമഗ്രമായ മാറ്റം - മന്ത്രി വി അബ്ദുറഹ്മാൻ

> **Lead Summary:** അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ആരംഭിക്കുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരികയായിരുന്നു അദ്ദേഹം.

## Article Content

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ആരംഭിക്കുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരികയായിരുന്നു അദ്ദേഹം.

ലീഗ് മത്സരം സംബന്ധിച്ച് സംസ്ഥാന സർക്കാറും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും കരാറൊപ്പിട്ടതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാ പഞ്ചായത്തിലും കളിക്കളങ്ങൾ നിർമ്മിക്കും. മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമ്മിച്ച ധർമ്മടം മണ്ഡലത്തെ സംസ്ഥാന മാതൃകാ മണ്ഡലമാക്കും.

കായിക മേഖലയിൽ വലിയ മാറ്റമാണ് സർക്കാറിൻ്റെ ലക്ഷ്യം. കണ്ണൂരിൽ ആൺകുട്ടികൾക്കായി പുതിയ സ്പോർട്സ് ഹോസ്റ്റൽ കെട്ടിടം പണിയും.4500 കോടി രൂപയുടെ ടർഫുകളാണ് കേരളത്തിലുള്ളത്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തും. എല്ലാ പഞ്ചായത്തിലും സ്പോർട്സ് കൗൺസിൽ രൂപീകരിക്കും. മന്ത്രി പറഞ്ഞു.

സ്പോർട്സ് ഡയരക്ടറേറ്റ് കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താൻ കണ്ണൂർ കോർപ്പറേഷൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.ജവഹർ സ്റ്റേഡിയം സംബന്ധിച്ച് നൂറ് കണക്കിന് നിവേദനങ്ങളാണ് കണ്ണൂർ ജില്ലയിൽ നിന്നും ലഭിച്ചത്.

മറ്റൊരു ജില്ലയിൽ നിന്നും ഇത്തരമൊരനുഭവമില്ല. കായിക പ്രേമികളായ കണ്ണൂരിലെ ജനങ്ങളുടെ വികാരം മനസിലാക്കി വേണ്ടത് ചെയ്യാൻ കോർപ്പറേഷൻ ഭരണ സമിതി മുന്നോട്ട് വരണം. മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ സ്പോർട്സ് ഹോസ്റ്റലും അദ്ദേഹം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4288/football-league-panchayat-level-sprots-minister)